Sorry, you need to enable JavaScript to visit this website.

ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിൽ ഭിന്നത;  പ്രശ്‌ന പരിഹാരത്തിന് നാലംഗ സമിതി

ജിദ്ദ- സംഘടനാ അതിർവരമ്പുകളില്ലാതെ പരസ്പര സഹകരണത്തിനു കീർത്തികേട്ട ഇരുപത്തിയഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിൽ അഭിപ്രായ ഭിന്നത. സംഘടനാ ഭാരവാഹിത്വത്തെ ചൊല്ലിയാണ് തർക്കം. മതസംഘടനകൾക്ക് പ്രാമുഖ്യമുള്ള പന്ത്രണ്ടോളം സംഘടനകളാണ് ഫോറത്തിൽ സുതാര്യതയും അഴിച്ചുപണിയും ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളത്. ഇതുമൂലം കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് നാലംഗ സമിതിയെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. 
യാതൊരു പ്രശ്‌നവുമില്ലാതെ ഫോറം ശക്തമായും ഒറ്റക്കെട്ടായും മുന്നോട്ടു പോകുമെന്ന വികാരമാണ് ഇരു വിഭാഗവും ജനറൽ ബോഡിയിൽ പ്രകടിപ്പിച്ചതെങ്കിലും പതിവു ശൈലിയിൽ മാറ്റം വേണമെന്ന നിലപാടിൽ മറുവിഭാഗം ഉറച്ചു നിന്നു. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം സമർപ്പിച്ചുകൊണ്ടായിരുന്നു ഇവർ രംഗത്തു വന്നത്. നിലവിലെ സാഹചര്യത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പലതും നിലനിൽക്കുന്നതല്ലെന്ന വാദം ഔദ്യോഗിക വിഭാഗവും ഉന്നയിച്ചതോടെയാണ് യോഗം തീരുമാനമാകാതെ പിരിയാനിടയാക്കിയത്. എന്തായാലും പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകൾ തുടരുകയാണ്. 
മത,രാഷ്ട്രീയ  പ്രാദേശിക സംഘടനകൾ എന്ന വ്യത്യാസമില്ലാതെ ഫോറത്തിൽ എല്ലാ സംഘടനകൾക്കും തുല്യമായ പരിഗണനയും അർഹമായ പ്രാതിനിധ്യവും ഉറപ്പ് വരുത്തണമെന്നായിരുന്നു പ്രധാന ആവശ്യം. ഇത്തരമൊരു കൂട്ടായ്മ ലോകത്തിനു തന്നെ മാതൃകയാണ്. പക്ഷേ, കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തോളമായി മുൻപൊന്നും ദർശിക്കാത്ത രീതിയിലുള്ള സുതാര്യതാ കുറവ് അനുഭവപ്പെടുന്നു. ഘടനാപരായി മാറ്റത്തിനു തയാറാകുന്നില്ല. കമ്മിറ്റിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എക്‌സിക്യൂട്ടീവ് ബോഡിയിൽ ചർച്ച ചെയ്യുന്ന കീഴ്‌വഴക്കം തെറ്റിച്ച് സെക്രട്ടറിയേറ്റ് എന്ന പേരിൽ കുറച്ചു പേർ തീരുമാനിച്ചു കോറം തികയാത്ത എക്‌സിക്യൂട്ടീവിൽ പാസാക്കിയെടുക്കുന്ന പ്രവണതയാണുള്ളത്. സ്ഥാപക സംഘടനാ വാദത്തിന്റെയും അലിഖിത ഭരണഘടനയുടെയും പേര് പറഞ്ഞു ചില വ്യക്തികൾ സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കുകയും വ്യക്തമായ സംഘടനാ പക്ഷപാതിത്വം കാണിക്കുകയും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയുമാണ്. ജെ.കെ.എഫിന്റെ ഇടപെടലുകൾ അവസാനിപ്പിക്കണം. ഫീസ് കൊടുത്ത് ഫോറത്തിൽ അംഗങ്ങളാകുന്നവർക്കു മാത്രം ജനറൽ ബോഡിയിൽ പ്രവേശനം അനുവദിക്കുക. ഫോറത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതിനാണ് മാറ്റം വേണമെന്ന ആവശ്യം തങ്ങൾ ഉന്നയിക്കുന്നതെന്നും അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 
എന്നാൽ ഈ വാദഗതികൾ ശരിയല്ലെന്നും ഫോറം ഇക്കാലമത്രയും സുതാര്യമായാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും ഔദ്യോഗിക പക്ഷം വാദിച്ചു. ഹജ് വെൽഫെയർ ഫോറം  ഇക്കാലമത്രയും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വെച്ചിട്ടുള്ളത്. വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെയുള്ള പ്രവർത്തനമാണ് എല്ലാ രംഗത്തുനിന്നുമുണ്ടാകാറുള്ളത്. അതുകൊണ്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സംഘടനയുടെ കെട്ടുറപ്പിനെ തകർക്കരുതെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ അഭ്യർഥന. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതു പരിഹരിക്കാൻ തയാറാണെന്നും അധ്യക്ഷത വഹിച്ച ചെയർമാൻ ചെമ്പൻ അബ്ബാസ് അറിയിച്ചു. എന്നാൽ വാദപ്രതിവാദങ്ങൾ നീണ്ടതോടെ ജനറൽ ബോഡിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാനുള്ള സാധ്യതകൾ മങ്ങിയ സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തിയത്. ഇവർ ഇരുവിഭാഗവുമായി ചർച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. 

Latest News