ന്യൂദല്‍ഹി-ചൈനീസ് ആപ്പുകള്‍ക്കെതിരായ നടപടി തുടര്‍ന്ന് മോഡി സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് നടപടി.
ആറ് മാസം മുമ്പ് ചൈനയില്‍ നിന്ന് വായ്പ നല്‍കുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള 94 ആപ്പുകള്‍ ഇ-സ്റ്റോറില്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ആപ്പുകള്‍ക്ക് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ട്. ചാരവൃത്തി ഉപകരണങ്ങളാക്കി മാറ്റാന്‍ സെര്‍വര്‍ സൈഡ് സുരക്ഷ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
തെലങ്കാന, ഒഡീഷ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഈ ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകള്‍ 2022ല്‍ കേന്ദ്രം നിരോധിച്ചിരുന്നു. 2020 മുതല്‍ 270 ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ ആപ്പുകള്‍ പ്രമുഖ ചൈനീസ് ടെക് സ്ഥാപനങ്ങളായ ടെന്‍സെന്റ്, ആലിബാബ, ഗെയിമിംഗ് കമ്പനി എന്നിവയില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.