മലപ്പുറം- സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യാപാരിയില്‍ നിന്നും അമ്മയുടെ ചികിത്സയ്ക്കണെന്ന പേരില്‍ പണം തട്ടി പിന്നീട് പോലീസാണെന്നു പരിചയപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. താമരശ്ശേരി ഉണ്ണിക്കുളം മങ്ങാട് കുട്ടാക്കില്‍ നിഷാജ് (28) ആണ് അറസ്റ്റിലായത്.
സാമൂഹ്യ മാധ്യമത്തിലൂടെ വ്യാപാരിയെ പരിചയപ്പെട്ട നിഷാജ് തന്റെ അമ്മയ്ക്ക് അസുഖമാണെന്നും ചികിത്സിക്കാന്‍ സാമ്പത്തിക സഹായം തേടുകയുമായിരുന്നു. പല തവണകളിലായി ഒരു ലക്ഷം രൂപയാണ് വ്യാപാരിയില്‍ നിന്നും നിഷാജ് വാങ്ങിയത്.
അസുഖ ബാധിതയായ മാതാവിനെ കാണണമെന്ന് വ്യാപാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ നിഷാജ് പറഞ്ഞ സ്ഥലത്തെത്തിയതിനു ശേഷം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഒരുമാസത്തിനു ശേഷം സൈബര്‍ സെല്ല് എസ്. ഐ എന്ന പേരില്‍ നിഷാജ് വ്യാപാരിയെ ഫോണില്‍ വിളിക്കുകയും ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പണം നല്‍കിയതെന്നും കൂട്ടു പ്രതിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ മൂന്ന് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ ഭീഷണിയില്‍ ഭയന്ന വ്യാപാരി മൂന്നു ലക്ഷം രപ കൂടി നല്‍കിയെങ്കിലും കോഴിക്കോട് സിറ്റി കമ്മിഷണര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു.
നിഷാജിനെതിരെ കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. നിലമ്പൂര്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഡി. വൈ. എസ്. പി സാജു കെ. എബ്രഹാം, പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. ബി. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ എസ്. ഐ. കെ. അബൂബക്കര്‍, എ. എസ്. ഐ സി. കെ. അബ്ദുല്‍ മുജീബ്, പോലീസുകാരായ രതീഷ്, സബീറലി, അനീഷ്, സുഭാഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.