Sorry, you need to enable JavaScript to visit this website.

കാൻസറിനെ പൊരുതി കീഴടക്കി, വേറിട്ട മാതൃകയായി സക്കീർ

മുഹമ്മദ് സക്കീർ വീട്ടിൽ വ്യായാമത്തിൽ.


കോഴിക്കോട്- മറ്റൊരു ലോക ക്യാൻസർ ദിനം കൂടി കടന്നുപോകവേ, പൊരുതി ഈ രോഗത്തെ കീഴടക്കിയ തിരൂർ കണ്ണംകുളം സ്വദേശി മുഹമ്മദ് സക്കീർ സമൂഹത്തിന് വേറിട്ട മാതൃകയാകുന്നു. ക്യാൻസർ വന്ന ശേഷം ഇനി ജീവിതം ഇല്ല എന്നു വിചാരിച്ചിരിക്കുന്ന ഭൂരിഭാഗമാളുകളുടെ ഇടയിൽ, അതിന് ശേഷം സ്വന്തമായി ഡ്രൈവിംഗ് അടക്കം പഠിച്ച്, ചികിത്സക്കും കീമോ തെറാപ്പി പോലുള്ളവ വരുത്തിയ ക്ഷീണം മാറ്റുവാൻ കൊടൈക്കനാലിലേക്ക് ഒറ്റക്ക് ടൂർ പോകുക പോലും ചെയ്ത്, സമൂഹത്തിന് വേറിട്ട മാതൃകയാകുകയാണ് ഇദ്ദേഹം.
ക്യാൻസർ എന്നു കേട്ടാൽ തളർന്നു പോകുന്ന രോഗികൾക്കും ബന്ധുക്കൾക്കുമെല്ലാം മുന്നിൽ ഇപ്പോൾ ആസ്റ്റർ മിംസ് പോലുള്ളവർക്ക് രോഗത്തിന്റെ നിസ്സാരതയെ കാണിക്കുവാൻ ഉള്ള ഐക്കണാണ് ഇദ്ദേഹം. മുഹമ്മദ് സക്കീറിനെക്കൊണ്ട് തന്റെ അനുഭവം ഒരു പ്രാവശ്യം പറയിപ്പിക്കുകയാണ് ആശുപത്രി അധികൃതർ ചെയ്യിപ്പിക്കുക. അതോടെ രോഗികളുടെ ബന്ധുക്കൾക്കടക്കം ഒരാത്മവിശ്വാസം കൈവരുന്നുവെന്നാണ് ആശുപത്രി അധികൃതർ തങ്ങളുടെ അനുഭവത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തുന്നത്.
കോഴിക്കോട് ആസ്റ്റർ മിംസ് ക്യാൻസർ വിഭാഗം കോഴിക്കോട്ട് വ്യാഴാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കാനെത്തിയതായിരുന്നു സക്കീർ. ആശുപത്രിയും മരുന്നും ചികിത്സയുമായി മല്ലടിച്ച ഒൻപതു വർഷങ്ങൾക്കു ശേഷം രണ്ടാഴ്ച മുമ്പ് നടത്തിയ പെറ്റ്, എം.ആർ.ഐ പരിശോധനയിൽ ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് പൂർണമായി ക്യാൻസർ അകന്നുപോയെന്ന് ഡോക്ടർമാർ വിധിയെഴുതി. ഒരു വർഷം മുമ്പു തന്നെ ഇദ്ദേഹം ക്യാൻസർ വിമുക്തനായെന്ന് മനസ്സിലായെങ്കിലും വീണ്ടും കൂടുതൽ ശാസ്ത്രീയമായി കാര്യങ്ങൾ ഉറപ്പിക്കുവാനാണ് ടെസ്റ്റ് നടത്തിയത്.
2014 ലാണ് ഇദ്ദേഹത്തിന് മേഴ്‌സിനെസ് അഡനോ കാർസിനോമ എന്ന ഏറെ ഗുരുതരമായ ക്യാൻസർ രോഗമുണ്ടെന്ന് തിരിച്ചറിയുന്നത്. മൂത്രാശയത്തിൽ നിന്ന് തുടങ്ങി മറ്റിടങ്ങളിലേക്ക് പെട്ടെന്ന് പടരുന്ന ഈ ക്യാൻസറിന് ചികിത്സ നടത്തിയില്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ ആ വ്യക്തിയെക്കുറിച്ച് പിന്നെ പ്രതീക്ഷയില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്ത്. എന്നാൽ ശസ്ത്രക്രിയ നടത്തി, മൂത്രാശയ സഞ്ചി എടുത്തു മാറ്റിയാൽ പിന്നീട് ട്യൂബ് ഇട്ട് യൂറിൻ ബാഗുമായി നടക്കണമെന്ന് പറഞ്ഞതോടെ ഒരു കംഗാരുവിനെ പോലെ ശിഷ്ടകാലം ജീവിക്കുന്നതിലും നല്ലത് മരണമെന്ന് തീരുമാനിച്ച സക്കീറിനെ ഡോക്ടർമാർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്, കുടലു കൊണ്ട് മറ്റൊരു മൂത്രാശ്രയ സഞ്ചി കൃത്രിമമായി ഉണ്ടാക്കിക്കൊണ്ടായിരുന്നു. ഇപ്പോൾ ഒരു പതിറ്റാണ്ട് പ്രായമുള്ള തന്റെ ക്യാൻസർ കാല ജീവിതവുമായി പടപൊരുതിയ അദ്ദേഹത്തിന് യാതൊരു പ്രശ്‌നവുമില്ല.
2016 ൽ നടന്ന ഒരു പ്രധാന ശസ്ത്രക്രിയക്കു ശേഷം കീമോതെറാപ്പി ചെയ്യാൻ തുടങ്ങിയതോടെയാണ് അതിന്റെ ശാരീരികാവശതയും മാനസികാഘാതവും മാറ്റുവാൻ ഒരു സുഹൃത്തിന്റെ സഹായത്തോടെ കാർ ഡ്രൈവിംഗ് പഠിക്കുന്നത്. പോളിയോ വന്ന് ചെറുപ്പത്തിലേ വലതിന് സ്വാധീനം കുറവായതിനാൽ ഇടത്തെ കൈക്കൊണ്ട് ആക്‌സിലേറ്ററും ഇടത്തെ കാല് കൊണ്ട് ബ്രെയ്ക്കും ചവിട്ടാൻ രീതിയിൽ മാറ്റിയാണ് കാറിനെ സക്കീർ കൈപ്പിടിയിലൊതുക്കിയത്. കാസർകോട്, ഊട്ടി, മൈസൂർ, കൊടൈക്കനാൽ വരെ ഇങ്ങനെ തന്റെ കാറുമായി അദ്ദേഹം പറന്നിട്ടുണ്ട്. കൂടാതെ 2016 ൽ ഒരു സുപ്രഭാതത്തിൽ തോന്നിയ ചിന്തയിൽനിന്ന് കീമോ കഴിഞ്ഞ ഉടനെ സൗദിയിൽ ഉംറക്കു പോയി. 20 ദിവസം അവിടെ കഴിഞ്ഞ ഇദ്ദേഹത്തെയും ഭാര്യയെയും സമ്മാനങ്ങൾ നൽകി ആദരിച്ചാണ് പ്രവാസികൾ യാത്രയാക്കിയത്.
ലോകത്ത് ഇദ്ദേഹത്തെ പോലെ കൃത്രിമ മൂത്രാശയ സഞ്ചിയുമായുള്ള ക്യാൻസർ രോഗികൾ വേറെയുണ്ടാകാമെങ്കിലും കേരളത്തിൽ തന്നെപ്പോലെ അധികമാളുകളില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
മുൻ പഞ്ചായത്ത് മെമ്പർ കൂടിയായ ഭാര്യ ഭാനുമോളുടെയും മിംസ് ക്യാൻസർ സെന്റർ തലവൻ ഡോ. കെ.വി. ഗംഗാധരന്റെയും പിന്തുണയാണ് ക്യാൻസർ വന്ന് മരണത്തിലേക്ക് കണ്ണ് നട്ടിരുന്ന തന്നെ ഇപ്പോൾ ഇതേ പോലത്തെ ആളുകളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ പ്രചോദിപ്പിക്കുവാനുള്ള മെന്റർവരെയാക്കി മാറ്റിയതെന്ന് കേരളാ ബാങ്ക് തിരൂർ ഈവനിംഗ് ബ്രാഞ്ചിലെ അക്കൗണ്ടന്റ് കൂടിയായ ഇദ്ദേഹം പറയുന്നു. കൂടാതെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ 400 ഓളം ജീവനക്കാരും ഇദ്ദേഹത്തിന് രോഗ സമയത്ത് പിന്തുണയുമായെത്തിയിരുന്നു.
ക്യാൻസർ എന്ന രോഗം ജീവിതത്തിന്റെ അന്ത്യമാണെന്ന ധാരണയെ സ്വന്തം ജീവിതത്തിലൂടെ തിരുത്തി കാണിച്ച ജീവിക്കുന്ന, വേറിട്ട ഉദാഹരണങ്ങളിലൊന്നു കൂടിയായി മാറുകയാണ് ഈ അൻപത്തൊന്നുകാരൻ.
 

Latest News