Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവിയിൽ ഇഅ്തികാഫ്  രജിസ്‌ട്രേഷൻ നാളെ മുതൽ 

ഇഅ്തികാഫ് ഇരിക്കുന്നതിനുള്ള സൗകര്യം വിലയിരുത്തുന്നതിന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ മസ്ജിദുന്നബവിയിൽ സന്ദർശനം നടത്തുന്നു

മദീന- പ്രവാചകന്റെ പള്ളിയിൽ ഇഅ്തികാഫ് (ഭജനമിരിക്കൽ) ഇരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കുമെന്ന് മദീന മസ്ജിദുന്നബവി ഇഅ്തികാഫ് ഏജൻസി അറിയിച്ചു. പള്ളിയുടെ മുകളിലത്തെ നിലയാണ് ഇഅ്തികാഫിന് നിശ്ചയിച്ചിരിക്കുന്നത്. ഇവർക്ക് എട്ട് (എ), എട്ട് (ഇ), ആറ്, പത്ത് എന്നീ വാതിലുകളും ഗോവണികളും ലിഫ്റ്റും ഉപയോഗപ്പെടുത്താമെന്നും ഏജൻസി വ്യക്തമാക്കി. 24 മണിക്കൂർ നിരീക്ഷകരും സുരക്ഷാഉദ്യോഗസ്ഥനും ഈ ഭാഗത്തുണ്ടാകും. മൊബൈൽ ഫോൺ റീ ചാർജ് ചെയ്യുന്നതിന് എട്ട് സ്ഥലങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും എട്ട് മൊബൈൽ ഫോണുകൾ റീ ചാർജ് ചെയ്യാവുന്ന പോർട്ടുകളും ഇവിടെ ഉണ്ടായിരിക്കും. കൂടാതെ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ മര്യാദകളും മറ്റു മതപരമായ നിർദേശങ്ങളും പ്രദർശിപ്പിച്ച് എട്ട് മോണിറ്ററുകളും ഒരുക്കിയിട്ടുണ്ട്. ഇഅ്തികാഫ് ഏജൻസി ഓഫീസിന് സമീപം സ്ഥാപിച്ച ആപ്ലിക്കേഷൻ മുഖേനയാണ് ബുക്ക് ചെയ്യേണ്ടത്. നാളെ തറാവീഹ് നമസ്‌കാരത്തിന് ശേഷം പുലർച്ചെ രണ്ട് മണിവരെയാണ് ബുക്കിംഗ് സമയം. ഇഅ്തികാഫ് ഇരിക്കുന്നവർ നേരത്തെ ബുക്ക് ചെയ്യണമെന്നും വിശുദ്ധ ഖുർആൻ പാരായണത്തിലും ദൈവീക സ്മരണയിലും കഴിച്ചുകൂടാൻ ശ്രദ്ധിക്കണമെന്നും ഏജൻസി ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ഇഅ്തികാഫ് ഇരിക്കുന്നവർക്ക് നിശ്ചയിച്ച സ്ഥലം പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഒരേ സമയം, 10,000 പേർക്കാണ് നിലവിൽ മസ്ജിദുന്നബവിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന് സൗകര്യമുള്ളത്. ഈദുൽ ഫിത്വറിന് ശേഷം മൂന്ന് മാസത്തിനകം 15,000ൽ അധികം പേർക്ക് ഇഅ്തികാഫ് ഇരിക്കാൻ കഴിയുന്നവിധം സൗകര്യപ്പെടുത്തുമെന്ന് മസ്ജിദുന്നബവി കാര്യാലയം വ്യക്തമാക്കി. ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽഫൈസൽ രാജകുമാരനും ഉന്നത ഉദ്യോഗസ്ഥരും ഗവർണറെ അനുഗമിച്ചിരുന്നു. 

Latest News