Sorry, you need to enable JavaScript to visit this website.

സര്‍ക്കാറും പാര്‍ട്ടിയും രണ്ടു വഴിക്ക്, സി.പി.എമ്മില്‍ വലിയ പ്രതിസന്ധി

കോഴിക്കോട്-: സംസ്ഥാന സര്‍ക്കാറും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മും എകോപനമില്ലാതെ രണ്ടു വഴിക്ക് നീങ്ങുന്നത് ഭരണത്തിലും പാര്‍ട്ടിയിലും ഒരുപോലെ പ്രതിസന്ധി സൃഷിടിക്കുന്നു. എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിന് ശേഷം സര്‍ക്കാര്‍ എടുക്കുന്ന നയപരമായ പല കാര്യങ്ങളും പാര്‍ട്ടി നേതൃത്വം അറിയുന്നില്ലെന്ന പരാതിയുണ്ട്. ഏറ്റവും ഒടുവില്‍ സംസ്ഥാന ബജറ്റില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഈടാക്കാനുള്ള മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന നിര്‍ണ്ണായക തീരുമാനത്തെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിന് ധാരണയൊന്നുമുണ്ടായിരുന്നില്ലെന്ന് സംസഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ഇടതുമുന്നണി കണ്‍വീനര്‍  ഇ.പി ജയരാജന്റെയും പ്രസ്താവനകളിലൂടെ  വ്യക്തമായിരിക്കുകയാണ്. ഇന്ധന വില വര്‍ധന ജനങ്ങളെ കാര്യമായി ബാധിക്കുമെന്ന് തന്നെയാണ്  ഇരുവരും പറയുന്നത്. വര്‍ധന പുന:പരിശോധിക്കുന്നതിന് പാര്‍ട്ടി ഇടപെടല്‍ നടത്തുമെന്ന സൂചന എം.വി.ഗോവിന്ദന്റെ വാക്കുകളിലുണ്ട്. ബജറ്റിലേത് നിര്‍ദ്ദേശം മാത്രമാണെന്നും ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത്.
പാര്‍ട്ടിയുമായി ആലോചിക്കാതെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എടുക്കുന്ന പല തീരുമാനങ്ങളും പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ടെന്ന അഭിപ്രായം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അടുത്തിടെ പാര്‍ട്ടിയോട് പോലും ആലോചിക്കാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. അത് പ്രഖ്യാപിക്കുകയും ചെയ്തു.  എന്നാല്‍ ഈ തീരുമാനം പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വം സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.  പാര്‍ട്ടി അറിയാതെയാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്ന് എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞിരുന്നു.
സര്‍ക്കാറില്‍ പ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റയ്ക്കാണ്. മറ്റ് മന്ത്രിമാര്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ അതേപടി അനുസരിക്കുകയാണ് ചെയ്യുന്നത്. വളരെ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ പോലും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ പലപ്പോഴും പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഇപ്പോഴത്തെ സര്‍ക്കാറിന്റെ തുടക്കത്തിലും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. കോടിയേരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നപ്പോഴും സര്‍ക്കാറും പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്ന പാലം അദ്ദേഹം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാറില്‍ നടക്കുന്ന കാര്യങ്ങളെല്ലാം യഥാസമയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. സര്‍ക്കാറും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികള്‍ പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടിരുന്നു.
എന്നാല്‍ കോടിയേരിയുടെ മരണശേഷം സംസ്ഥാന സെക്രട്ടറി പദം എം.വി ഗോവിന്ദന്‍ ഏറ്റെടുത്തതോടെ അത്തരമൊരു ഏകോപനം നഷ്ടപ്പെടുകയായിരുന്നു. പിണറായി വിജയനും എം.വി.ഗോവിന്ദനും പാര്‍ട്ടിയില്‍ ആശയപരമായി രണ്ടു തലങ്ങളില്‍ നില്‍ക്കുന്നവരാണ്. പ്രാക്ടിക്കല്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് മുഖ്യമന്ത്രി. എം.വി ഗോവിന്ദനാകട്ടെ പാര്‍ട്ടി ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് മാത്രമേ പാര്‍ട്ടിയും സര്‍ക്കാറും മുന്നോട്ടു പോകാന്‍ പാടുള്ളൂവെന്ന് വാദിക്കുന്നയാളും. ഇരുവരും തമ്മില്‍ സംഘടനാപരമായും വ്യക്തിപരവുമായ യോജിപ്പില്ലായ്മയാണ് സര്‍ക്കാറും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയുെട മുഖ്യകാരണം. പ്രധാന പങ്ക് വഹിക്കേണ്ട ഇടതുമുന്നണി കണ്‍വീനര്‍  ഇ.പി ജയരാജനാകട്ടെ മുന്നണിയുടെയും പാര്‍ട്ടിയുടെയും നേതൃയോഗങ്ങളില്‍ പലപ്പോഴും പങ്കെടുക്കാന്‍ പോലും തയ്യാറാകാത്ത സ്ഥിതിയുണ്ട്. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന റിസോര്‍ട്ട് വിവാദത്തിലും മറ്റും മുഖ്യമന്ത്രിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന പരിഭവം ഇപ്പോഴും .ഇ.പി ജയരാജനുണ്ട്. മുഖ്യമന്ത്രി ഒറ്റയാനായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്നാണ് പാര്‍ട്ടിയില്‍ പൊതുവെയുള്ള വികാരം. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം മുന്നിലുള്ള എറ്റവും വലിയ അജണ്ട അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പാണ്. കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയമായി വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക. അക്കാര്യം മനസ്സിലാക്കിക്കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സി.പി.എം കാലേക്കൂട്ടി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്താകെ ഗൃഹ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള ചോദ്യങ്ങളുമായാണ്  കേരളമാകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയത്. പൊതുവെ മികച്ച അഭിപ്രായമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടായിട്ടുള്ളതെന്ന റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച് ജില്ലാ കമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്നുള്ള ആത്മവിശ്വാസവുമായാണ് കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ കേരളമാകെ നടക്കുന്നത്. വലിയ സ്വീകരണങ്ങളും പൊതുയോഗങ്ങളുമാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. അതിനിടയിലാണ് ജനങ്ങള്‍ക്ക് മേല്‍ ഇടിത്തീ വീഴ്ത്തിക്കൊണ്ട് ഇന്ധന വിലവര്‍ധനവും നികുതി വര്‍ധനവുമെല്ലാം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജനകീയ പ്രതിരോധ ജാഥയിലടക്കം ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിയുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും സി.ഐ.ടി.യു ഉള്‍പ്പെടെ വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകരുമെല്ലാം ഇതില്‍ വളരെയധികം അസംതൃപ്തരാണ്. സര്‍ക്കാറും പാര്‍ട്ടിയും തമ്മില്‍ ഏകോപനമില്ലായ്മയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ഉയരുമെന്നകാര്യം ഉറപ്പാണ്. സര്‍ക്കാറിന് മേല്‍ കടിഞ്ഞാണിടാനുള്ള നീക്കങ്ങളായിരിക്കും വരും ദിവസങ്ങളില്‍ സി.പി.എം നടത്തുക.

 

Latest News