ന്യൂദൽഹി- വരുന്ന തിങ്കളാഴ്ച ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായക ദിനമാണ്. നാല് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാം ബിജെപിയുടെയോ അല്ലെങ്കിൽ പാർട്ടി പിന്തുണയ്ക്കുന്നവരുടെയോ സിറ്റിംഗ് സീറ്റുകൾ. എല്ലായിടത്തും പ്രതിപക്ഷ ഐക്യനിര ഉയർന്നിട്ടുണ്ട്.
പുതിയ പശ്ചാത്തലത്തിൽ ഇത് മറികടക്കാൻ ബിജെപിക്ക് സാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. നാല് മണ്ഡലങ്ങളിലും പരാജയപ്പെട്ടാൽ പാർട്ടിക്ക് ലോക്‌സഭയിൽ കനത്ത തിരിച്ചടിയാകും. പ്രത്യേകിച്ച് പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ. പ്രതിപക്ഷത്തിന്റെ ഐക്യവും ബിജെപിയുടെ ജനകീയതയുമാണ് തിങ്കളാഴ്ച മാറ്റുരയ്ക്കുന്നത്. ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, നാഗാലാന്റ് എന്നിവിടങ്ങളിലാണ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ്. ഇതിൽ മൂന്നെണ്ണം ബിജെപിയുടെ മണ്ഡലങ്ങളാണ്. ഒന്ന് ബിജെയുടെ സഖ്യകക്ഷിയുടെയും. 31 ന് വോട്ടെണ്ണും.
പ്രതിപക്ഷം ഒന്നിച്ചപ്പോൾ അടുത്തിടെ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരുന്നു. വർഷങ്ങളായി ബിജെപിക്കൊപ്പം നിന്നിരുന്ന ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിലെയും ഫുൽപുരിലെയും ജനങ്ങളാണ് ബിജെപിയെ തിരിഞ്ഞുകുത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളായിരുന്നു അത്. തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളിൽ പ്രധാനപ്പെട്ടത് കൈരാനയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്. പാർട്ടി എംപി ഹുകും സിങ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇവിടെയുള്ള പുതിയ രാഷ്ട്രീയം വ്യത്യസ്തമാണ്. സഹതാപം വോട്ടാക്കി മാറ്റാൻ ഹുകും സിങിന്റെ മകൾ മൃഗങ്ക സിങിനെയാണ് ബിജെപി കളത്തിലിറക്കുന്നത്. എതിരാളി അജിത്ത് സിങിന്റെ ആർഎൽഡിയും. തബസ്സും ഹസൻ ആണ് ആർഎൽഡി സ്ഥാനാർഥി. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി തബസ്സുമിനെ പിന്തുണയ്ക്കുന്നുണ്ട്.
ആർഎൽഡി സ്ഥാനാർഥിക്ക് ആശ്വാസം പകർന്നാണ് കോൺഗ്രസിന്റെയും ബിഎസ്പിയുടെയും നീക്കം. ഇരുപാർട്ടികളും മൽസരിക്കുന്നില്ല. പകരം പ്രത്യക്ഷത്തിൽ ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. ബിജെപിക്ക് അവർ വോട്ട് ചെയ്യില്ലെന്ന് ഉറപ്പാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹുകും സിങ് രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നാഷിദ് ഹസനെ പരാജയപ്പെടുത്തിയത്. വർഗീയ ചേരിതിരിവുണ്ടാക്കിയാണ് ബിജെപി ജയിച്ചതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. 2013 ൽ ജാട്ടുകളും മുസ്ലിംകളും തമ്മിലുണ്ടായ കലാപത്തിൽ ലാഭം കിട്ടിയത് ബിജെപിക്കായിരുന്നു.
2014 ൽ ജാട്ടുകളും ഗുജ്ജാറുകളും ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാൽ ഇന്ന് ഇരു സമുദായങ്ങളും ശത്രുതയിലാണ്. അതുകൊണ്ടു തന്നെ ഈ സമുദായങ്ങളുടെ പൂർണ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്ന് വിശ്വസിക്കാൻ വയ്യ. എതിരാളിയായി പഴയ പോലെ ഒട്ടേറെ സ്ഥാനാർഥികളുമില്ല. ഇപ്പോൾ വർഗീയ സംഘർഷത്തിന്റെ പശ്ചാത്തലവുമില്ല. ഈ സാഹചര്യത്തിൽ ആർഎൽഡി സ്ഥാനാർഥി ബിജെപിക്ക് വെല്ലുവിളി തന്നെയാണ്. കൈരാനയിൽ ബിജെപിക്ക് അടുത്ത പണി തരുമെന്ന് കോൺഗ്രസ് നേതാക്കൾ അടുത്തിടെ പ്രതികരിച്ചിരുന്നു. കർണാടകയിൽ കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം ഒരുങ്ങിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം. അതുകൊണ്ടുതന്നെ ബിജെപിക്ക് മണ്ഡലം പിടിക്കുക എന്നത് അഭിമാന പ്രശ്‌നമാണ്.
ബിജെപി എംപി ചിന്താമൻ വങ്കാസ് മരിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്രയിലെ പൾഘാർ ലോക്‌സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പട്ടിക വർഗ സംവരണ മണ്ഡലമാണിത്. ഇവിടെയുള്ള നേതാക്കൾ ഒരു പാർട്ടിയിലും സ്ഥിരമായി നിൽക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നു.
ചിന്താമന്റെ മകൻ ശ്രീനിവാസ് അടുത്തിടെ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയുടെ എതിരാളികളായ ശിവസേനക്കൊപ്പം ചേർന്നു. അതേസമയം കോൺഗ്രസ് നേതാവ് രാജേന്ദ്ര ഗാവിത് ബിജെപിയിലേക്ക് മാറി. കോൺഗ്രസും എൻസിപിയും സഖ്യത്തിലാണ്. ബിജെപി, എൻസിപി, ശിവസേന എന്നീ പാർട്ടികളുടെ സ്ഥാനാർഥികളാണ് മൽസരിക്കുന്നത്. ബിജെപിയുടെ വോട്ടുകൾ ശിവസേന പിടിച്ചാൽ എൻസിപി സ്ഥാനാർഥി ജയിക്കും.
മഹാരാഷ്ട്രയിലെ ഭന്താര ഗോണ്ടിയയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു ലോക്‌സഭാ മണ്ഡലം. ബിജെപി എംപിയായിരുന്ന നാന പട്ടോളി രാജിവെച്ച് കോൺഗ്രസിൽ ചേർന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
2014 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്ന അദ്ദേഹം അടുത്തിടെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. ബിജെപിയും എൻസിപിയും തമ്മിൽ നേരിട്ടാണ് ഇവിടെ മൽസരം. ഒബിസിക്കാർക്ക് സ്വാധീനമുള്ള മണ്ഡലമാണിത്. മാത്രമല്ല, ശിവസേനയുമായി ബിജെപി പിണങ്ങി നിൽക്കുന്നത് ഇവിടെയും തിരിച്ചടിയാകമെന്നാണ് വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലം നാഗാലാന്റിലെ ഏക മണ്ഡലമാണ്. സിറ്റിങ് എംപി നിഫ്യു റിയോ ബിജെപി പിന്തുണയിൽ മുഖ്യമന്ത്രിയായതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം. പിഡിഎ നേതാവാണ് റിയോ. ഇദ്ദേഹത്തിന്റെ പാർട്ടിയും ബിജെപിയും സഖ്യമായിട്ടാണ് ഭരണം. പൊതുവേ കേന്ദ്ര ഭരണത്തിലുള്ളവരെ പിന്തുയ്ക്കുന്നതാണ് മണ്ഡലത്തിന്റെ ചരിത്രം. അതുകൊണ്ട് ബിജെപിക്ക് ആശങ്കയില്ല. നാഗാ പീപ്പിൾ ഫ്രണ്ടിന്റെ സി അപോക് ജാമിർ ആണ് എതിരാളി. ഇദ്ദേഹത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ട്. 281 സീറ്റുകളുടെ ബലത്തിലാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയത്. നിലവിൽ ബിജെപിക്ക് 270 എംപിമാരുടെ പിന്തണയേ ഉള്ളൂ. 543 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 ആണ്. കർണാടകയിലെ എംപിമാരായ ശ്രീരാമലു, യെദ്യൂരപ്പ എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ചതോടെ അടുത്തിടെ ലോക്‌സഭാംഗത്വം രാജിവച്ചിരുന്നു. ഇതും ബിജെപിയുടെ എണ്ണം കുറയാൻ കാരണമായി. അതുകൊണ്ടു തന്നെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജീവൻമരണ പോരാട്ടമാണ്.