റിയാദ് - ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ രക്ഷകനായതോടെ സൗദി പ്രൊഫഷനല്‍ ലീഗ് ഫുട്‌ബോളില്‍ അന്നസര്‍ തോല്‍വി ഒഴിവാക്കി. അല്‍ഫതഹിനെതിരായ കളിയില്‍ തോല്‍വി ഉറപ്പാക്കിയ ഘട്ടത്തിലാണ് ഏഴാം നമ്പര്‍ താരം ടീമിന്റെ രക്ഷക വേഷമണിഞ്ഞത്. അന്നസ്‌റിന് കിട്ടിയ പെനാല്‍ട്ടി റൊണാള്‍ഡൊ ലക്ഷ്യത്തിലെത്തിച്ചു (2-2). സൗദി ലീഗില്‍ റൊണാള്‍ഡോയുടെ ആദ്യ ഗോളാണ് ഇത്. ഇതോടെ അന്നസര്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
ഫൈനല്‍ വിസിലിന് അല്‍പം മുമ്പ് ടാലിസ്‌ക ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തു പേരുമായാണ് അന്നസര്‍ കളിയവസാനിപ്പിച്ചത്. സൗദി സൂപ്പര്‍ കപ്പില്‍ കഴിഞ്ഞയാഴ്ച അല്‍ഇത്തിഹാദിനോട് അ്ന്നസര്‍ തോറ്റിരുന്നു. അല്‍ശബാബിനും (16 കളികളില്‍ 34) അന്നസ്‌റിനും തുല്യ പോയന്റാണെങ്കിലും അന്നസര്‍ ഒരു മത്സരം കുറവേ കളിച്ചിട്ടുള്ളൂ. ഗോള്‍വ്യത്യാസത്തിലും മുന്നിലാണ്.
അല്‍ഹസയിലെ പ്രിന്‍സ് അബ്ദുല്ല ബിന്‍ ജലവി സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ക്രിസ്റ്റിയന്‍ ടെലോയിലൂടെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഫതഹ് മുന്നിലെത്തി. ഇടവേളക്കു അല്‍പം മുമ്പെ ടാലിസ്‌കയിലൂടെ അന്നസര്‍ തിരിച്ചടിച്ചെങ്കിലും വിശ്രമത്തിനു ശേഷം ഫതഹ് ലീഡ് തിരിച്ചുപിടിച്ചു. സുഫിയാന്‍ ബെന്തബ്ക അമ്പത്തെട്ടാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു.
15 കളിയില്‍ 22 പോയന്റുമായി ഫതഹ് ആറാം സ്ഥാനത്താണ്. 16 ടീമുകളാണ് സൗദി പ്രൊഫഷനല്‍ ലീഗില്‍. ലീഗില്‍ ക്രിസ്റ്റ്യാനൊയുടെ രണ്ടാം മത്സരമാണ് ഇത്. അല്‍ഇത്തിഫാഖിനെതിരായ 1-0 വിജയത്തിലായിരുന്നു അരങ്ങേറ്റം. ആ മത്സരത്തില്‍ ക്രിസ്റ്റിയാനോക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.