ചെന്നൈ- തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. കലക്ടർ സന്ദീപ് നന്ദൂരിയുടെ നിർദേശത്തെ തുടർന്നാണ് നിരോധനാജ്ഞ പിൻവലിച്ചത്. തൂത്തുക്കുടിയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിജയം കാണുന്നുണ്ടെന്നാണ് കലക്ടർ പറയുന്നത്.
സ്‌റ്റെർലെറ്റ് ചെമ്പ് ശുദ്ധീകരണ കമ്പനിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഫാക്ടറിയിൽ നിന്നുള്ള മാലിന്യം കടുത്ത മലിനീകരണത്തിനും ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടവരുത്തുന്നതിനാലാണ് പ്രദേശവാസികൾ സമരത്തിനിറങ്ങിയത്.
അതേസമയം, സംഘർഷത്തിൽ മരിച്ച 13 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടത്തിയെന്നാണ് സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഏഴ് മൃതദേഹങ്ങൾ മാത്രമേ പോസ്റ്റ്‌മോർട്ടം ചെയ്തിട്ടുള്ളൂ എന്നും ബാക്കിയുള്ളവ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി ഒപ്പിട്ട് നൽകാൻ ബന്ധുക്കളെ പോലീസ് നിർബന്ധിക്കുന്നുവെന്നാണ് ആക്ഷേപം.
അതിനിടെ, തൂത്തുക്കുടിയിലുണ്ടായ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം വർധിപ്പിച്ചു. നിലവിൽ പത്ത് ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ഇത് ഇരുപത് ലക്ഷമായാണ് വർധിപ്പിച്ചിരിക്കുന്നത്.
വെടിവെയ്പ്പിൽ പരിക്കേറ്റവർക്ക് മൂന്ന് ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തൂത്തുക്കുടിയിൽ അരങ്ങേറിയ നരനായാട്ടിൽ മകൾക്ക് ഭക്ഷണവുമായി പോയ അമ്മയും കൊല്ലപ്പെട്ടു. ജാൻസി കൊല്ലപ്പെട്ടത് ആദ്യ വെടിവെപ്പ് നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ്. ജാൻസി സമരത്തിൽ പങ്കാളിയായിരുന്നില്ല. സംഘർഷ സ്ഥലത്ത് പോയിട്ടുമുണ്ടായിരുന്നില്ല. ജാൻസിയുടെ മകനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പൂട്ടിയിരുന്ന വാതിൽ പൊളിച്ച് അകത്തു കയറി പോലീസ് മർദിച്ചെന്നും കുട്ടികളെയടക്കം പിടിച്ചു കൊണ്ടുപോയെന്നുമുള്ള പരാതികൾ പുറത്തു വരുന്നിരുന്നു. പോലീസ് വീടുകളിൽ കയറി സ്ത്രീകളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രകോപനങ്ങൾക്കു തടയിടാൻ തുത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിയന്ത്രണം തുടരുകയാണ്. വിവാദ കമ്പനി സ്‌റ്റെർൈലറ്റിന്റെ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കലക്ടർക്കു നിർദേശം നൽകി. കമ്പനി പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം.