മഞ്ചേരി-മയക്കുമരുന്നു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് കോടതിയില്‍ വെച്ച് ജാമ്യത്തിലിറങ്ങിയ മറ്റൊരു പ്രതി കൈമാറിയ കഞ്ചാവ് പോലീസ് കൈയോടെ പിടികൂടി. ഉച്ചക്ക് ഒരു മണിയോടെ മഞ്ചേരി എന്‍.ഡി.പി.എസ് കോടതിയിലാണ് സംഭവം. 26 കിലോ കഞ്ചാവ് കടത്തിയെന്ന കേസില്‍ പ്രതിയായ മുഹമ്മദ് റാഫി (30)ക്കാണ് മറ്റൊരു മയക്കുമരുന്നു കേസില്‍ പ്രതിയായ എടവണ്ണ ഒതായി ചാത്തല്ലൂര്‍ സ്വദേശിയായ നിയാസ് (30) കഞ്ചാവ് കൈമാറിയത്.
കോഴിക്കോട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന റാഫിയെ വിചാരണക്കായി കോടതിയില്‍ എത്തിച്ചതായിരുന്നു. മയക്കുമരുന്നു കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് നിയാസ്. പ്രതികള്‍ക്കൊപ്പം എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലെത്തിയ പോലീസുകാരാണ് കഞ്ചാവ് കൈമാറുന്നത് പിടികൂടിയത്. കറുത്ത ഇന്‍സുലേഷന്‍ ടാപ്പ് കൊണ്ട് ഒട്ടിച്ച, ക്യാപ്സൂള്‍ രൂപത്തിലാക്കിയ കഞ്ചാവിനൊപ്പം എണ്ണമയമുള്ള പ്ലാസ്റ്റിക് കവറുമാണ് പിടികൂടിയത്. ഇതു സ്വകാര്യഭാഗത്ത് നിക്ഷേപിച്ച് ജയിലിലേക്ക് കടത്താനുള്ള ശ്രമമാണെന്നു കരുതുന്നു. കോടതിയില്‍ പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായി കരുതുന്നു. പോലീസുകാര്‍ സംഭവം ഉടന്‍ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജഡ്ജിയുടെ നിര്‍ദേശപ്രകാരം മഞ്ചേരി പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)