Sorry, you need to enable JavaScript to visit this website.

ജഡ്ജിക്ക് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസ്; സൗദിയില്‍ ഇമാമിന്റെ ശിക്ഷ ലഘൂകരിച്ചു

തബൂക്ക് - പ്രവിശ്യയിലെ മസ്ജിദില്‍ ഇമാമായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്ന ഇസ്‌ലാമികകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന് തബൂക്ക് ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ തബൂക്ക് അപ്പീല്‍ കോടതി ലഘൂകരിച്ചു. ക്രിമിനല്‍ കോടതി വിധിച്ച അഞ്ചു വര്‍ഷം തടവ് മൂന്നു കൊല്ലം തടവായാണ് അപ്പീല്‍ കോടതി ലഘൂകരിച്ചത്. ഇമാമിന് 55,000 റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ഈ തുക പൊതുഖജനാവില്‍ അടക്കാന്‍ കോടതി വിധിച്ചു.
സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന, ജുഡീഷ്യറിയെയും ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ ആരോപണങ്ങളിലാണ് മുന്‍ ഇമാമിനെ കോടതി ശിക്ഷിച്ചത്. സ്വകാര്യ അവകാശ കേസില്‍ ഇമാമിന് രണ്ടു വര്‍ഷം തടവ് കൂടി വിധിച്ചിട്ടുണ്ട്. പൊതുഅവകാശ കേസിലെ ശിക്ഷ അനുഭവിച്ച ശേഷമാണ് സ്വകാര്യ അവകാശ കേസിലെ ശിക്ഷ ആരംഭിക്കുക.
സൗദി പൗരന്റെ ദാമ്പത്യ കേസില്‍ ഇടപെട്ട മുന്‍ ഇസ്‌ലാമികകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ തനിക്ക് ജഡ്ജിയുമായി അടുത്ത ബന്ധമുള്ളതായി വാദിച്ചും കേസിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ടും ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിവാഹം അസാധുവാക്കാന്‍ വേണ്ടിയാണ് സൗദി പൗരന്റെ ഭാര്യ കോടതിയെ സമീപിച്ചത്. ജഡ്ജിമാരെല്ലാവരും കൈക്കൂലി സ്വീകരിക്കുന്നവരാണെന്നും കേസ് പരിശോധിക്കുന്ന ജഡ്ജിക്ക് കൈക്കൂലി നല്‍കി അനുകൂല വിധി നേടാന്‍ കഴിയുമെന്നുമാണ് സൗദി പൗരനെ മുന്‍ ഇമാം അറിയിച്ചത്.
ഇതേ കുറിച്ച് സൗദി പൗരന്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയായിരുന്നു. ധാരണാപ്രകാരം സൗദി പൗരനില്‍ നിന്ന് 24,000 റിയാല്‍ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് മുന്‍ ഇമാമിനെ സുരക്ഷാ വകുപ്പുകള്‍ കൈയോടെ അറസ്റ്റ് ചെയ്തത്. വിചാരണക്കിടെ കോടതിക്കു മുന്നില്‍ വെച്ച് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News