ന്യൂദല്‍ഹി- കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനു വിരുദ്ധമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഈ നിയമപ്രകാരം പാര്‍ട്ടികളുടെ വരുമാനം വെളിപ്പെടുത്താനാവില്ലെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. 2013 ജൂണില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിവരാവകാശ നിയമപരിധിയില്‍ കൊണ്ടു വന്ന ആറു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭവാനകളുടെ കണക്കു തേടി സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവാദമായേക്കാവുന്ന ഉത്തരവ്.
ഈ വിവരം കമ്മീഷനു ലഭ്യമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളായതിനാല്‍ ഇതു വിവരാവകാശ പരിധിയില്‍ വരില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. പുതുതായി നടപ്പിലാക്കിയ ഇലക്ട്രല്‍ ബോണ്ട് പ്രകാരം ബിജെപി, കോണ്‍ഗ്രസ്, ബിഎസപി, എന്‍സിപി, സിപിഐ, സിപിഎം, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ സ്വീകരിച്ച സംഭാവനകളുടെ കണക്കുകള്‍ ആവശ്യപ്പെട്ട് പുനെ സ്വദേശിയായ വിഹാര്‍ ധുര്‍വെയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ രാ്ഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കുന്ന ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിക്കപ്പുറത്തുള്ളതാണെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ആറു പാര്‍ട്ടികളേയും കേന്ദ്ര വിവാരവകാശ കമ്മീഷന്‍ 2013ല്‍ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് ഒരു ഹൈക്കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ മറുപടി നല്‍കാറുമില്ല.