Sorry, you need to enable JavaScript to visit this website.

നാളികേരത്തിന്റെ താങ്ങുവിലയിൽ രണ്ടു രൂപയുടെ വർധനവ്; കൃഷിക്കായി 971.71 കോടി, ക്ഷീര വികസനത്തിന് 114.76 കോടി

തിരുവനന്തപുരം -  കാർഷിക മേഖലയ്ക്കാകെ 971.71 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. ഇതിൽ 156.30 കോടി രൂപ കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 
 ക്ഷീര വികസനത്തിന് 114.76 കോടി രൂപ നീക്കിവച്ചു. മൃഗ സംരക്ഷണം ആകെ 435.4 കോടി രൂപയാണ് വകയിരുത്തിയത്. ക്ഷീര ഗ്രാമം പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 2.4 കോടി രൂപ വകയിരുത്തി. പുതിയ കാലിത്തീറ്റ ഫാമിനു 11 കോടി രൂപയും നീക്കി വച്ചു.
 നെൽകൃഷി വികസനത്തിന് നീക്കി വയ്ക്കുന്ന തുക 95.10 കോടിയായി ഉയർത്തി. ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ കൃഷി രീതികൾക്കൊപ്പം ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കും. ഇതിനായി ആറ് കോടി രൂപ അനുവദിച്ചു. സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി 93.45 കോടി രൂപ വകയിരുത്തി. നാളികേര വികസന പദ്ധതിക്കായി 68.95 കോടി രൂപ വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയർത്തി.
  ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കായി 6 കോടി രൂപ വകയിരുത്തി.
സ്മാർട്ട് കൃഷി ഭവന് 10 കോടി രൂപയും വിള ഇൻഷുറൻസ് 31 കോടി രൂപയും കുട്ടനാട് കാർഷിക മേഖലയ്ക്ക് 17 കോടി കാർഷിക സഹായത്തിനും 12 കോടി സാങ്കേതിക സഹായത്തിനും മാറ്റിവച്ചതായും മന്ത്രി വ്യക്തമാക്കി.

റോഡ് ഗതാഗത മേഖലക്ക് 184.07 കോടി രൂപ; കെ.എസ്.ആർ.ടി.സിക്ക് 131 കോടി
 തിരുവനന്തപുരം -
റോഡ് ഗതാഗത മേഖലക്ക് 184.07 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ഇതിൽ കെ.എസ്.ആർ.ടി.സിക്ക് 131 കോടി രൂപയും മോട്ടോർ വാഹന വകുപ്പിന് 44.07 കോടി രൂപയുമായിരിക്കും.
 കെ.എസ്.ആർ.ടി.സി വാഹനങ്ങളുടെ നവീകരണത്തിനും ഗുണനിലവാര മെച്ചപ്പെടുത്തലിനുള്ള വിഹിതം 75 കോടിയായി ഉയർത്തി. ഇത് 2022-23ൽ 50 കോടിയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന വികസനത്തിനും വർക് ഷോപ്പ്, ഡിപ്പോ നവീകരണത്തിന് 30 കോടിയും കമ്പ്യൂട്ടർ വത്കരണത്തിനും ഇ-ഗവേൺസ് നടപ്പാക്കുന്നതിന് 20 കോടിയും അനുവദിച്ചു.
റീഹാബ് സാങ്കേതികവിദ്യ ഉപയോഗിച്ചത് വഴി കോട്ടയം ബസ് സ്റ്റേഷൻ നിർമാണത്തിൽ ചെലവ് കുറക്കാൻ സാധിച്ചു. വിഴിഞ്ഞം, ആറ്റിങ്ങൽ, കൊട്ടാരക്കര, കായംകുളം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ചെലവ് കുറഞ്ഞ നിർമാണ മാർഗങ്ങളിൽ ബസ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിന് അധികമായി 20 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി
തിരുവനന്തപുരം -
റബർ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി രൂപയായി വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ റബർ കർഷകരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ബജറ്റ് വിഹിതം വർധിപ്പിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
 റബർ കൃഷിക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര സർക്കാർ നയമാണ് ഈ പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷൻ മേഖല കേരളത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 ഏറെകാലമായി പ്രതിസന്ധി നേരിടുന്ന പരമ്പരാഗത വ്യവസായങ്ങളെയും തോട്ടവിളകളെയും ആഗോള മാന്ദ്യം പിറകോട്ടടിക്കാൻ സാധ്യതയുണ്ടെന്നും കൃഷിക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.
 

Latest News