Sorry, you need to enable JavaScript to visit this website.

പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു; ഓര്‍മയാകുന്നത് ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി

ഹൈദരാബാദ്: ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വര്‍ണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട  സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരന്‍ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയ വിശ്വനാഥ് വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു.

ചെന്നെയിലെ വാഹിനി സ്റ്റുഡിയോയില്‍ ഓഡിയോഗ്രാഫറായാണ് വിശ്വനാഥ് തന്റെ കരിയര്‍ ആരംഭിച്ചത്. സൗണ്ട് എഞ്ചിനീയര്‍ എന്ന നിലയില്‍ ഒരു ചെറിയ സമയത്തിനുശേഷം, ചലച്ചിത്ര നിര്‍മാതാവായ അദുര്‍തി സുബ്ബ റാവുവിന്റെ കീഴില്‍ അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചു. 1951 ല്‍ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയില്‍ സഹസംവിധായകനായി. 1965ല്‍ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സംസ്ഥാന നാന്ദി അവാര്‍ഡ് ആദ്യ സിനിമയിലൂടെ തന്നെ കരസ്ഥമാക്കി.

1980ല്‍ ശങ്കരാഭരണത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമാ സംവിധായകനായി. അവിശ്വസനീയമായ വിജയമായിരുന്നു ചിത്രം നേടിയത്. കര്‍ണാടക സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് രണ്ട് വ്യത്യസ്ത തലമുറകളില്‍ നിന്നുള്ള ആളുകളുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
നാല് ദേശീയ പുരസ്‌കാരങ്ങളാണ് ശങ്കരാഭരണം നേടിയത്. സുര്‍ സംഗം എന്ന പേരില്‍ സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോഴും സംവിധായകന് മാറ്റമുണ്ടായില്ല.

ശങ്കരാഭരണത്തിന്റെ വന്‍വിജയത്തിന് പിന്നാലെ സംഗീതം പശ്ചാത്തലമാക്കിയ നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. സാഗര സംഗമം, സ്വാതി കിരണം, സ്വര്‍ണ കമലം, ശ്രുതിലയലു, സ്വരാഭിഷേകം എന്നിവ അതില്‍ ചിലതുമാത്രം.

1985-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രം സ്വാതി മുത്യം, ഒരു യുവവിധവയെ രക്ഷിക്കാന്‍ വരുന്ന ബുദ്ധി വളര്‍ച്ചയില്ലാത്ത വ്യക്തിയായി കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു, അക്കാദമി അവാര്‍ഡുകള്‍ക്കുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടു.1979?
ബോളിവുഡില്‍ രാകേഷ് റോഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ സംവിധാനത്തെ കുറിച്ച് എല്ലാ കാര്യങ്ങളും വിശ്വനാഥില്‍ നിന്നാണ് പഠിച്ചതെന്ന് രാകേഷ് റോഷന്‍ പറഞ്ഞിരുന്നു.

2010ല്‍ പുറത്തിറങ്ങിയ ശുഭപ്രദം ആയിരുന്നു സംവിധാനം ചെയ്ത അവസാന സിനിമ. തെലുങ്ക്, തമിഴ് സിനിമകളിലായി 25ഓളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.

1992ല്‍ പത്മശ്രീ പുരസ്‌കാരവും 2017ല്‍ ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. നാല്‍പതുവര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിനിടെ എട്ടുതവണ ഫിലിംഫെയര്‍ പുരസ്‌കാരവും കെ വിശ്വനാഥിന് ലഭിച്ചു.

 

 

Latest News