കൊച്ചി- നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം ആരാഞ്ഞത്. ഹരജി വീണ്ടും പരിഗണിക്കാന്‍ ഫെബ്രുവരി 13 ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയം ജനുവരി 31 ന് അവസാനിച്ചിരുന്നു. നിശ്ചിത സമയത്തിനകം വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതായി പള്‍സര്‍ സുനിയുടെ ജാമ്യ ഹരജിയില്‍ പറയുന്നു. ഇതിന് പുറമേ, വിചാരണ നടപടി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയം അവസാനിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
കേസിന്റെ രണ്ടാം ഘട്ട വിചാരണ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം ഉടന്‍ നടക്കും. കേസില്‍ നേരത്തെ 220 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിന്റെ വിസ്താരം ബാക്കി നില്‍ക്കെയായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. തുടരന്വേഷണത്തില്‍ ദിലീപിനെ കൂടാതെ സുഹൃത്ത് ശരത്തിനെയും പ്രതി ചേര്‍ത്തിരുന്നു. ഇരുവരും ഒരുമിച്ച് വിചാരണ നേരിട്ടാല്‍ മതിയെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)