കാസര്‍കോട്- കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണന്റേത് (32) കൊലപാതകമാണെന്ന് തെളിഞ്ഞു. യുവതിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കിയ ശേഷം തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ആണ് നീതുവിനെ കൊന്നതാണെന്ന് തെളിഞ്ഞത്. നീതുവിനെ കൊന്ന ശേഷം വീട് പൂട്ടി സ്ഥലം വിട്ട ആണ് സുഹൃത്ത് വയനാട് കല്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ബദിയടുക്ക എസ്. ഐ കെ. പി വിനോദ് കുമാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നീതുവിന്റെ സഹോദരന് വിട്ടുകൊടുത്ത മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബദിയടുക്ക ഏല്‍ക്കാനയിലുള്ള റബ്ബര്‍ എസ്റ്റേറ്റിനുള്ളിലെ ഇവര്‍ താമസിച്ചിരുന്ന ഓടിട്ട വീട്ടിനുള്ളില്‍ ആണ് നീതു കൃഷ്ണയുടെ മൃതദേഹം കിടന്നിരുന്നത്. അകത്തെ മുറിയുടെ മൂലയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. നീതുവിന്റെ കയ്യും കാലുകളും കെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് നാല് ദിവസമെങ്കിലും പഴക്കമുണ്ടായിരുന്നു. വയനാട് ജില്ലയിലെ കല്‍പ്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യന്‍ യുവതിയുമൊത്ത് 42 ദിവസം മുമ്പ് റബ്ബര്‍ ടാപ്പിങ്ങിനാണ് ബദിയടുക്കയില്‍ എത്തിയത്. മൂന്നുദിവസമായി ഇവരെ ടാപ്പിങ്ങിന് കാണാതായപ്പോള്‍ എസ്റ്റേറ്റിലെ മറ്റു തൊഴിലാളികള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായി. ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. നീതുവിനെ കൊലപ്പെടുത്തി മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നതായി സംശയിക്കുന്നു. എസ്റ്റേറ്റ് മാനേജരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബദിയടുക്ക പോലീസ് അന്വേഷണം തുടരുകയാണ് . വീട് പൂട്ടി മുങ്ങിയ ആന്റോ സെബാസ്റ്റ്യന്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എല്ലാം തിരച്ചില്‍ നടത്തുകയാണ് പോലീസ് സംഘം.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)