Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ 98 വിദ്യാർത്ഥികൾക്ക് നോറോ വൈറസ്; ചികിത്സയിൽ

- രോഗപ്പകർച്ച സ്‌കൂളിലെ കുടിവെള്ള സ്രോതസിൽ നിന്ന്
കൽപ്പറ്റ - കൊച്ചിക്കു പിന്നാലെ വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സയിലാണ്. 
 സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോഗം പകർന്നത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കടുത്ത ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണം. ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ നോറോ വൈറസ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. 
 മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നേരത്തെ കൊച്ചി കാക്കനാട്ടെ സ്‌കൂളിലെ ഒന്നാം ക്ലാസിലെ 19 വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും രോഗബാധയുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

കുഞ്ഞിന് ടിക്കറ്റെടുത്തില്ല, വിമാനത്താവളത്തിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികൾ

- കൈക്കുഞ്ഞുണ്ടെങ്കിൽ ഓൺലൈനായി ടിക്കറ്റെടുക്കുമ്പോൾ 27 ഡോളർ ഫീസ് നൽകിയാൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ലെന്നാണ് റ്യാനയർ എയർലൈൻസിന്റെ നിയമം. എന്നാൽ, ദമ്പതികൾ അപ്രകാരം ചെയ്യാത്തതിനാൽ കുഞ്ഞിന് ടിക്കറ്റെടുക്കാൻ വിമാനത്താവളത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ കൂട്ടാക്കാതെ ഇസ്രായേലി ദമ്പതികൾ കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ടെൽഅവീവ് - വിമാനത്തിൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. ഇസ്രായേലിലെ ടെൽഅവീവിലുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.
ബെൽഗുറിയോണിൽനിന്ന് ബെൽജിയത്തിലെ ബ്രസൽസിലേക്ക് ടിക്കറ്റെടുത്ത ദമ്പതികളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. അയർലൻഡ് ആസ്ഥാനമായ ലോ കോസ്റ്റ് വിമാനക്കമ്പനിയുടെ റ്യാനയർ എയർലൈൻസിലാണ് ദമ്പതികൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കൈക്കുഞ്ഞുണ്ടെങ്കിൽ ഓൺലൈനായി ടിക്കറ്റെടുക്കുമ്പോൾ തന്നെ 27 ഡോളർ ഫീസ് നൽകിയാൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ലെന്നാണ് റ്യാനയർ എയർലൈൻസിന്റെ നിയമം. അങ്ങനെ ചെയ്താൽ പുതിയ ടിക്കറ്റെടുക്കാതെതന്നെ മാതാപിതാക്കൾക്ക് കുഞ്ഞിനെ ഒപ്പം ഇരുത്താം. എന്നാൽ, ഈ ഫീസ് നൽകാത്തവർ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്നാണ് വ്യവസ്ഥ.
ദമ്പതികൾ ഈ ഫീസ് നൽകാത്തതിനെ തുടർന്ന് ചെക്ക് ഇൻ കൗണ്ടറിലെ ജീവനക്കാർ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതിന് ഇസ്രായേലി ദമ്പതികൾ വിസമ്മതിച്ചെങ്കിലും എയർപോർട്ടിലെ വിമാനക്കമ്പനി ജീവനക്കാർ വഴങ്ങിയില്ല. തുടർന്നാണ് ഇവർ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചതെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും വിശ്വസിക്കാനാവാത്ത നടപടിയാണ് ദമ്പതികളിൽനിന്ന് ഉണ്ടായതെന്നും ജീവനക്കാർ പ്രതികരിച്ചു.

 

ഇന്ദിരാഗാന്ധിയും രാജീവും അപകടത്തിൽ മരിച്ചവർ; സവർക്കറുടേത് രക്തസാക്ഷിത്വമെന്ന് ബി.ജെ.പി മന്ത്രി ഗണേഷ് ജോഷി

- രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ചല്ലേ സംസാരിക്കാൻ കഴിയൂവെന്നും ബി.ജെ.പി മന്ത്രിയുടെ പരിഹാസം.

ഡെറാഡൂൺ - രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്നും ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മന്ത്രിയുമായ ഗണേഷ് ജോഷി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓർമിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ വിവാദം പ്രതികരണം.
 രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വവും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. രക്തസാക്ഷിത്വവും അപകടങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ എനിക്ക് സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമല്ലേ സംസാരിക്കാൻ കഴിയൂവെന്നും ഗണേഷ് ജോഷി പരിഹസിച്ചു.
രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര സമാധാനപരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ഗണേഷ് ജോഷി, അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണെന്നും അവകാശപ്പെട്ടു. മോദിയുടെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, രാഹുലിന് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ലെന്നും ഗണേഷ് ജോഷി ഓർമിപ്പിച്ചു.

Latest News