ന്യൂദല്‍ഹി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ആന്ധ്ര പ്രദേശിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ സിങിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും ഉമ്മന്‍ ചാണ്ടിക്കു അംഗത്വം ലഭിച്ചു. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം പാര്‍ട്ടിയില്‍ ഒരു പദവിയും അദ്ദേഹം ഇതുവരെ ഏറ്റെടുത്തിരുന്നില്ല. കെപിസിസി അധ്യക്ഷനാക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും സ്വീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇതിനിടെയാണ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സ്ഥാനക്കയറ്റം.
പുതിയ മുഖങ്ങളെ കൊണ്ടു വന്ന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ശക്തിപ്പെടുത്തുന്നതിന്റെ രാഹുലിന്റെ നീക്കത്തിന്റെ ഭാഗമായാണ് നിയമനം. പശ്ചിമ ബംഗാള്‍, ആന്തമാന്‍ നിക്കോബാര്‍ ചുമതല വഹിച്ചിരുന്ന സിപി ജോഷിയെ മാറ്റി പകരം ഗൗരവ് ഗൊഗോയിയേയും രാഹുല്‍ നിയമിച്ചു. നിലവില്‍ പി സി ചാക്കോ, കെ സി വേണുഗോപാല്‍ എന്നിവരാണ് എഐസിസി സെക്രട്ടറിമാര്‍. മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്.