ശ്രീനഗര്‍- ജമ്മു നര്‍വാല്‍ ഇരട്ട സ്‌ഫോടനക്കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ലഷ്‌കറെ ത്വയ്യിബ അംഗമായ ആരിഫ് ആണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. തെളിവു നശിപ്പിക്കാനായി ഇയാള്‍ മൊബൈല്‍ഫോണ്‍ കത്തിച്ചുവെന്നും ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2016 മുതല്‍ ഇയാള്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ഇയാളില്‍ നിന്നും ഒരു ഐഇഡി പെര്‍ഫ്യൂമും കണ്ടെടുത്തിട്ടുണ്ട്. ഇത്തരമൊരു സ്‌ഫോടകവസ്തു കശ്മീരില്‍ ആദ്യമായാണ് കണ്ടെടുക്കുന്നതെന്ന് പോലീസ് സൂചിപ്പിച്ചു.
പെര്‍ഫ്യൂം പുറത്തേക്കു വരാനുള്ള ഭാഗത്ത് വിരലമര്‍ത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ വഴിയാണ് ആരിഫിന് പെര്‍ഫ്യൂം ബോംബ് ലഭിച്ചതെന്നാണ് കരുതുന്നത്. ഇതു നിര്‍വീര്യമാക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. നിലവില്‍ പാക്കിസ്ഥാനിലുള്ള ക്വാസിം, ഖമറുദിന്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം ആണ് ആരിഫ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഖമറുദിന്‍ ആരിഫിന്റെ ബന്ധുവാണ്.
കഴിഞ്ഞ വര്‍ഷം ജമ്മുവിലെ ശാസ്ത്രിനഗറിലുണ്ടായ സ്ഫോടനത്തിലും വൈഷ്ണോദേവി തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിലുണ്ടായ സ്ഫോടനത്തിലും പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായി ഡി.ജി.പി അറിയിച്ചു. സ്ഫോടനം നടന്ന് 11 ദിവസങ്ങള്‍ക്കുശേഷമാണ് ഭീകരനെ പിടികൂടുന്നത്.