തൃശ്ശൂര്‍: ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അധ്യാപികയെ വധിച്ച് മണിക്കൂറുകള്‍ക്കകം പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
വാടാനപ്പള്ളിയിലെ റിട്ടയേര്‍ഡ് അധ്യാപിക തൃശ്ശൂര്‍ ഗണേശമംഗലത്ത് വാലപ്പറമ്പില്‍ വസന്ത (75) ആണ് കൊല്ലപ്പെട്ടത്. തളിക്കുളം എസ്. എന്‍. യു. വി. പി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണിവര്‍.
പ്രതി ഗണേശമംഗലം സ്വദേശി ജയരാജന്‍ (60) ആണ് പോലീസിന്റെ പിടിയിലായത്. വസന്തയുടെ വീടിനടുത്താണ് ജയരാജന്റെ ബന്ധു വീട്.
രാവിലെ ഏഴ് മണിയോടെ പല്ലു തേച്ചു കൊണ്ടിരിക്കയായിരുന്ന വസന്തയുടെ തലയ്ക്ക് ജയരാജന്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വസന്ത ഒറ്റയ്ക്കാണ് വീട്ടില്‍ കഴിയുന്നത്.
മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ജയരാജന്റെ വീട്ടില്‍ നിന്ന് വസന്തയുടെ മോഷണം പോയ ആഭരണങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തി.