ശ്രീനഗര്‍- കശ്മീര്‍ സൈനിക ഓഫീസര്‍ മേജര്‍ ലീതുല്‍ ഗൊഗോയിയും യുവതിയും ഉള്‍പ്പെട്ട ഹോട്ടല്‍ സംഭവത്തില്‍ ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യകവചമാക്കി കശ്മീരി യുവാവിനെ സൈനിക വാഹനത്തില്‍ കെട്ടി വിവാദം സൃഷ്ടിച്ച ഓഫീസറാണ് ഗൊഗോയി.
മേജറോടൊപ്പം യുവതിയെ ഹോട്ടലില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും കയ്യാങ്കളിയുമാണ് പുതിയ വിവാദം.
കേസില്‍ പോലീസ് ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ഈ മാസം 30-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറോട് കോതി നിര്‍ദേശിച്ചു. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ജസ്റ്റിസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് ചെയര്‍മാന്‍ മുഹമ്മദ് അഹ്‌സനാണ് കോടതിയെ സമീപിച്ചത്.
ബുധനാഴ്ചയായിരുന്നു ഗൊഗോയിയും ഡ്രൈവറും യുവതിയോടൊപ്പം ഹോട്ടലില്‍ കയറാന്‍ ശ്രമിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് മൂന്ന് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി ചോദ്യം ചെയ്തു. മേജര്‍ ഗൊഗോയി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു.
ചോദ്യം ചെയ്ത ശേഷം ഗൊഗോയിയെ വിട്ടയച്ച ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചിരുന്നു.
ഹോട്ടല്‍ സംഭവത്തില്‍ സൈന്യവും അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. മേജറുടെ ഭാഗത്ത് കുറ്റം കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരസേനാധിപന്‍ ബിപിന്‍ റാവത്ത് പറഞ്ഞു.