ലഖ്‌നൗ- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ മുന്നണി രൂപപ്പെട്ടു വരുന്നതിനിടെ മസിലുപിടുത്തവുമായി ബിഎസ്പി നേതാവ് മായാവതി. അര്‍ഹമായ എണ്ണം സീറ്റുകള്‍ ലഭിച്ചെങ്കില്‍ മാത്രമെ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിനുള്ളൂവെന്നും ഇല്ലെങ്കില്‍ ബിഎസ്പി ഒറ്റയ്ക്കു പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. ലഖ്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുപിയിലും മറ്റു സംസ്ഥാനങ്ങളിലും രാഷ്ട്രീയ സഖ്യ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏതു സഹാചര്യത്തേയും നേരിടാന്‍ തയാറെടുക്കണമെന്നും മായാവതി ആഹ്വാനം ചെയ്തു. ബദ്ധവൈരിയായ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മയാവതിയുടെ മറുപടി ബിജെപിയെ പുറത്താക്കുക എന്നത് ദേശീയ താല്‍പര്യമാണെന്നായിരുന്നു.
ബിഎസ്പിയുടെ നേതൃപദവിയില്‍ നിന്നും അടുത്തെങ്കിലും മാറിനില്‍ക്കില്ലെന്നും മായാവതി വ്യക്തമാക്കി. അടുത്ത 20 വര്‍ഷം വരെ തുടരാനാകുമെന്ന പ്രതീക്ഷിയിലാണ് അവര്‍. ഭാവിയില്‍ പാര്‍ട്ടി പ്രസിഡന്റിന് പ്രായക്കൂടുതല്‍ കൊണ്ടോ ആരോഗ്യ കാരണങ്ങളാലോ യാത്ര ചെയ്യാനും രംഗത്തിറങ്ങി സജീവമാകാനും കഴിയാതെ വരുമ്പോള്‍ പ്രസിഡന്റ് ദേശീയ കണ്‍വീനറാകും. ദേശീയ കണ്‍വീനറായിരിക്കും പുതിയ പ്രസിഡന്റിനെ നിയമിക്കുക, മായാവതി പറഞ്ഞു.
പാര്‍ട്ടിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്നും വൈസ് പ്രസിഡന്റായിരുന്ന തന്റെ സഹോദരന്‍ ആനന്ദ് കുമാര്‍ ദളിത് മുന്നേറ്റത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയാന്‍ തയാറായിട്ടുണ്ടെന്നും മായാവതി പറഞ്ഞു. 2002-ല്‍ റായ് ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച പ്രമുഖ നേതാവ് ആര്‍ എസ് കുശ്‌വാഹയെ ബിഎസ്പി ഉത്തര്‍ പ്രദേശ് സംസ്ഥാന പ്രസിഡന്റായും നിയമിച്ചു. നിലവിലേ പ്രസിഡന്റ് രാം അച്ചല്‍ രാജ്ഭറിനെ ദേശീയ ജനറല്‍സെക്രട്ടറിയായി ഉയര്‍ത്തി.