ബംഗളൂരു- കര്‍ണാടകയില്‍ വിവിധ വകുപ്പുകള്‍ വീതം വയ്ക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസുമായി തര്‍ക്കമുണ്ടെന്ന് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി തുറന്നു സമ്മതിച്ചു. അതേസമയം ഇത് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വൈകി ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്നും ചര്‍ച്ചകള്‍ തുടരും. മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്തേക്കും.
കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും അത് സര്‍ക്കാരിനെ പൊളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു അഭിമാന പ്രശ്‌നമായി എടുക്കാതിരിക്കാനാണു എന്റെ ശ്രമം. മറിച്ചു സംഭവിച്ചാല്‍ മറ്റു തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ആത്മാഭിമാനം വിട്ട് മുഖ്യമന്ത്രി പദവിയില്‍ ഞാന്‍ കടിച്ചുതുങ്ങില്ല-കുമാരസ്വാമി പറഞ്ഞു.
കുമാരസ്വാമി വിഷയം രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഏതാനും വകുപ്പുകള്‍ സംബന്ധിച്ച് ഇരു കക്ഷികളും അഭിപ്രായ ഐക്യത്തിലെത്തുമെന്നും ആദ്യഘട്ടത്തില്‍ 16 അംഗ മന്ത്രിസഭ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സോണിയാ ഗാന്ധിക്കൊപ്പം യുഎസിലേക്ക് പുറപ്പെടാനിരിക്കുന്ന രാഹുല്‍ പോകുന്നതിനു മുമ്പായി പ്രശ്‌നം രമ്യതയിലത്തിക്കാനാണ് ഇരു പാര്‍ട്ടികളുടേയും തിരക്കിട്ട ശ്രമം. രാഹുല്‍ ജൂണ്‍ 12-നെ തിരിച്ചെത്തൂ.
വലിയ കക്ഷിയായിട്ടും മുഖ്യമന്ത്രി പദം ജെഡിഎസിനു വിട്ടു കൊടുത്ത പശ്ചാത്തലത്തില്‍ സുപ്രധാന വകുപ്പുകള്‍ക്കായി ശക്തമായ വിലപേശല്‍ നടത്തണമെന്നാണ് രാഹുലിനെ കഴിഞ്ഞ ദിവസം കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിദ്ധാരാമയ്യ, ജി പരമേശ്വര, ഡി കെ ശിവകുമാര്‍, കെ സി വേണുഗോപാല്‍ എന്നീ നേതാക്കളാണ് രാഹുലിനെ കണ്ടത്. 34 അംഗ മന്ത്രിസഭയില്‍ 22 മന്ത്രിമാര്‍ കോണ്‍ഗ്രസിനും 12 മന്ത്രിമാര്‍ ജെഡിഎസിനും എന്നാണ് ധാരണ. മന്ത്രിമാരുടെ എണ്ണം തീരുമാനമായെങ്കിലും വകുപ്പു വിഭജനമാണ് തര്‍ക്കത്തില്‍ ഉടക്കിയിരിക്കുന്നത്.