ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ നാളെ മോചിതനാകും. ജാമ്യം അനുവദിച്ചതിനു ശേഷമുള്ള റിലീസിങ് ഓര്‍ഡര്‍ കോടതി ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റു നടപടികളും പൂര്‍ത്തിയായി. കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകേണ്ടതായിരുന്നു. റിലീസിങ് ഓര്‍ഡര്‍ എത്തുമ്പോള്‍ നാല് മണി കഴിഞ്ഞതിനാലാണ് മോചനം ഒരു ദിവസം കൂടി നീണ്ടത്.
യു.പിയിലെ ഹത്രാസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കാപ്പന്‍ 2020 ഒക്ടോബര്‍ അഞ്ചിനാണ് അറസ്റ്റിലായത്. ഇതിന് ശേഷം രണ്ടു തവണയാണ് അദ്ദേഹം ജയില്‍നിന്ന് പുറത്തിറങ്ങിയത്. രോഗബാധിതയായ മാതാവിനെ കാണുന്നതിന് വേണ്ടിയും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സക്ക് എയിംസിലേക്ക് മാറ്റിയപ്പോഴുമാണ് കാപ്പന്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്.
സെപ്റ്റംബര്‍ ഒമ്പതിന് സിദ്ദീഖ് കാപ്പന് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ചിരുന്നു. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തോളം എടുത്താണ് ഈ കേസില്‍ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഡിസംബര്‍ 23ന് ഇ.ഡി കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇ.ഡിയുടെ വാദം.