ചിറ്റഗോംഗ്- ഒളിച്ചുകളിയ്ക്കിടെ കപ്പലിലെ കണ്ടെയ്‌നറില്‍ കയറിയിരുന്ന 15കാരനുണ്ടായ അബദ്ധമാണ് സമൂഹമധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ഈ മാസം പതിനൊന്നിനാണ് ബംഗ്ലാദേശ് സ്വദേശിയായ ഫാഹിം എന്ന ബാലന്‍ തുറമുഖ നഗരമായ ചിറ്റഗോംഗില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒളിച്ചുകളിച്ചത്. കളിക്കുന്നതിനിടെ കണ്ടെയ്‌നറില്‍ ഒളിച്ച കുട്ടി ഉറങ്ങിപ്പോയി. പിന്നീട് ആറ് ദിവസം കഴിഞ്ഞ് എത്തിച്ചേര്‍ന്നത് 3000 കിലോമീറ്റര്‍ അകലെ മലേഷ്യയിലെ പോര്‍ട്ട് ക്ലാംഗില്‍ ആയിരുന്നു. ആറ് ദിവസം ഭക്ഷണവും വെള്ളവും കിട്ടാതെ കരഞ്ഞ് തളര്‍ന്ന നിലയിലായിരുന്നു കപ്പല്‍ ജീവനക്കാര്‍ കുട്ടിയെ കണ്ടെത്തിയതെന്നാണ് മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കണ്ടെയ്‌നറിനകത്ത് നിന്ന് ശബ്ദം കേട്ടാണ് ജീവനക്കാര്‍ ശ്രദ്ധിച്ചത്. തളര്‍ന്ന് അമ്പരപ്പോടെ പുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരോഗ്യനില വീണ്ടെടുത്ത കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ മനുഷ്യക്കടത്ത് അല്ലെന്ന് വ്യക്തമായതായി മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.