ന്യൂദൽൽഹി - 2023-24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. പുതിയൊരു തെരഞ്ഞെടുപ്പ് മുഖത്തേക്ക് രാജ്യം നീങ്ങാനിരിക്കെ ജനപ്രിയ പദ്ധതികൾ ബജറ്റിൽ ഇടം പിടിക്കാനാണ് സാധ്യത.
ആദായനികുതി, ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗത്തിനായുള്ള പ്രഖ്യാപനങ്ങളും വൻകിട കുത്തകകളെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പ്രസംഗം രാവിലെ 11ന് തുടങ്ങും. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റ് പ്രസംഗത്തിന് കാതോർക്കുന്നത്.
ഇത്തവണയെങ്കിലും എയിംസ് അനുവദിക്കുമോ എന്നതടക്കമുള്ള പ്രതീക്ഷയിൽ കണ്ണും നട്ടിരിക്കുകയാണ്കേരളം. സിൽവർ ലൈൻ ഉൾപ്പെടെ റെയിൽവേയിൽ കേന്ദ്രാനുമതി കാത്ത് നിൽക്കുന്ന പദ്ധതികളും നിരവധിയാണ്.
റെയിൽവേ വികസനത്തിലും കേരളം പലതും പ്രതീക്ഷിക്കുന്നു. ദേശീയ പാതാ വികസനം, സിൽവർ ലൈൻ പദ്ധതിയുടെ ഭാവി നിർമലാ സീതാരാമന്റെ പെട്ടിയിലാണ്. വന്ദേഭാരത് ഇല്ലാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിന് ഇത്തവണയെങ്കിലും അതുണ്ടാകുമോ എന്നും കേരളം കാത്തിരിക്കുന്നു. നേമം ടെർമിനൽ പദ്ധതി, ഗുരുവായൂർ-തിരുന്നാവായ പദ്ധതി ഉൾപ്പടെ കേരളത്തിന്റെ റെയിൽവേ പ്രതീക്ഷകളിൽ ചിലതെങ്കിലും ഇത്തവണ പൂവണിയുമോ എന്നും കണ്ടറിയാം. ഒപ്പം, സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങളിലെ മാറ്റത്തിനും കേരളം കൊതിക്കുന്നു. ജിഎസ്ടി നഷ്ടപരിഹാരം നീട്ടൽ, വെട്ടിക്കുറച്ച കേന്ദ്രവിഹിതം പുനസ്ഥാപിക്കുക, കടമെടുപ്പ് പരിധി പുനസ്ഥാപിക്കൽ തുടങ്ങിയവയും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിർണായകമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)