തിരുവനന്തപുരം - കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ അതൃപ്തിയറിച്ചാണ് രാജി. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിലാണ് അടൂർ രാജിക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രിക്കും രാജി കത്തു കൈമാറിയെന്ന് അടൂർ മാധ്യമങ്ങളോട് പറഞ്ഞു. അക്കാദമിക് കൗൺസിൽ ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് ശങ്കർ മോഹൻ രാജിവച്ചതിനും ബന്ധപ്പെട്ട വിവാദങ്ങൾക്കും പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ അടൂർ അതൃപ്തനായിരുന്നു. ശങ്കർ മോഹനെതിരായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിനെ തകർച്ചയിൽനിന്ന് കരകയറ്റാൻ ആത്മാർത്ഥമായി പ്രവർത്തിച്ചു. ശങ്കർ മോഹനെ അപമാനിച്ച് ഇറക്കിവിട്ടെന്ന് ആരോപിച്ച അടൂർ, ശങ്കർ മോഹനെതിരായ ആരോപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. മാധ്യമങ്ങൾ ഒരുഭാഗം മാത്രമാണ് കേട്ടത്.
സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവൽക്കാരനായ വിദ്വാന് സമരാസൂത്രണത്തിൽ പങ്കുണ്ട്. പി.ആർ.ഒ അടക്കം ചില ജീവനക്കാരും ഒളിപ്രവർത്തനം നടത്തിയെന്നും അടൂർ ആരോപിച്ചു. ശുചീകരണത്തൊഴിലാളികളിൽ പട്ടികജാതിക്കാരില്ലെന്നും അടൂർ പറഞ്ഞു.
ജാതി അധിക്ഷേപം അടക്കം മുൻനിർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും ആരോപണം ഉയർന്നിരുന്നു. ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾ അടൂരിന് തുറന്ന കത്തെഴുതി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. തുടർന്ന് അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു.
വിദ്യാർതഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. അടൂരിനൊപ്പം നിന്ന് അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒരുമാസത്തോളം നീണ്ട സമരം ശക്തമായതോടെ സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു പ്രശ്‌നം തണുപ്പിക്കുകയായിരുന്നു. ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച അന്വേഷണ കമ്മിഷൻ പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നല്കിയിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, മുൻ നിയമസഭ സെക്രട്ടറി എൻ.കെ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
എന്നാൽ, ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷൻ കാര്യമായി അന്വേഷിച്ചില്ലെന്ന് അടൂർ കുറ്റപ്പെടുത്തി. സത്യസന്ധരായ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന വിവാദങ്ങൾക്കിടെയാണ് ശങ്കർ മോഹൻ രാജിവച്ചത്. അടൂർ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ട ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തിയായിരുന്നു രാജിക്കത്ത് നൽകിയത്. ജാതിവിവേചനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പായിരുന്നു ശങ്കർ മോഹന്റെ രാജി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ മോദിയെ പിന്തുണച്ച് റഷ്യ
- ബി.ബിസി സംരക്ഷിക്കുന്നത് ചില ഗ്രൂപ്പുകളുടെ താൽപര്യങ്ങളെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവമോസ്‌കോ - ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അനുകൂല പ്രതികരണവുമായി റഷ്യ. റഷ്യയ്‌ക്കെതിരെ മാത്രമല്ല, മറ്റ് ആഗോള അധികാര കേന്ദ്രങ്ങൾക്കെതിരെയും വിവിധ മുന്നണികളിൽ ബി.ബി.സി വിവരയുദ്ധം (ഇൻഫർമേഷൻ വാർ) നടത്തുന്നതിന്റെ മറ്റൊരു തെളിവാണിതെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതകരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രാജ്യത്ത് ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ച് ദിവസങ്ങൾക്കുശേഷമാണ് റഷ്യയുടെ പ്രതികരണം.
'ബി.ബി.സി ബ്രിട്ടീഷ് സ്ഥാപനത്തിനുള്ളിൽ പോലും പോരാടുകയാണ്. ചില ഗ്രൂപ്പുകളുടെ താൽപര്യങ്ങൾ നടത്താനുളള ഉപകരണമായി മറ്റുള്ളവർക്കെതിരെ പ്രവർത്തിക്കുകയാണ് ബി.ബി.സിയെന്നും അതിനനുസരിച്ച് അവരെ തിരിച്ചറിയണമെന്നും' സഖരോവയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്ത് വംശഹത്യയുടെ ചില വശങ്ങളാണ് ബി.ബി.സി പുറത്തിറക്കിയ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലുളളത്. 'ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും മോദി സർക്കാർ നിർദ്ദേശം നല്കിയിരുന്നു. ഇതേ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യപക പ്രതിഷേധമാണുയർന്നത്. ബി.ബി.സി റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ നേരത്തെ വെളിച്ചത്തുവന്നതാണെങ്കിലും, ബി.ബി.സിയെ പോലുള്ള ഒരു സ്ഥാപനം അത് വൈകിയെങ്കിലും തുറന്നുപറയാൻ കാണിച്ചത് മോദി സർക്കാറിന് കടുത്ത പ്രഹരമാണ് ഏൽപ്പിച്ചത്.
സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനം ഉടൻ; ജാമ്യക്കാരോട് ഹാജറാകാൻ നിർദേശം
ന്യൂദൽഹി - മാധ്യമപ്രവർത്തനത്തിനിടെ ഉത്തർ പ്രദേശ് പോലീസ് ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനത്തിനുള്ള ജാമ്യ നടപടികൾ അവസാന ഘട്ടത്തിൽ.
യു.പി പോലീസ് രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിൽ സുപ്രീംകോടതിയും, എൻഫോഴ്‌സ്‌മെന്റ് ഡയരക്ടർ രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. എന്നാൽ വേരിഫിക്കേഷൻ നടപടികൾ പൂർത്തിയാവാത്തതിനാൽ പുറത്തിറങ്ങാൻ ദിവസങ്ങൾ നീണ്ടു.
യു.പി പോലീസിന്റെ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായതാണ്. ഇപ്പോൾ, ഇ.ഡി കേസിലെ വെരിഫിക്കേഷൻ നടപടികളും ഏറെക്കുറെ അവസാന ഘട്ടത്തിലാണ്. തിങ്കളാഴ്ച ഇ.ഡി കേസിൽ വെരിഫിക്കേഷൻ പൂർത്തിയായതോടെ ജാമ്യ നടപടികൾ കൂടുതൽ പുരോഗമിച്ചതായാണ് വിവരം. കാപ്പന് വേണ്ടി ജാമ്യം നിൽക്കുന്നവരോട് നാളെ കോടതിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. അവസാന ഘട്ട നടപടികൾ പൂർത്തിയായാൽ റിലീസിങ് ഓർഡർ ലഖ്‌നോ ജയിലിലേക്ക് അയക്കും. അതോടെ 26 മാസത്തിലേറെയായി ജയിലിൽ കഴിയുന്ന കാപ്പന് ജയിൽ മോചിതനാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
യു.പിയിലെ ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സ്ഥലത്തേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുംവഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി യു.പി പോലീസ് തുറുങ്കിലടച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്രചെയ്ത സിദ്ദിഖ് കാപ്പൻ കലാപത്തിന് ശ്രമിച്ചുവെന്നാണ് പോലീസ് കുറ്റപത്രം. ഒപ്പം അക്കൗണ്ടിലേക്ക് വന്ന 45000 രൂപയുടെ ഉറവിടം കാണിച്ചില്ലെന്ന് ഇ.ഡിയും വാദിച്ചു. ആദ്യം സുപ്രിം കോടതിയും ശേഷം ഇ.ഡി കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചുമാണ് ജാമ്യം അനുവദിക്കാൻ ഉത്തരവിട്ടത്.