ശ്രീനഗർ- രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് അടുത്ത ഘട്ടമുണ്ടാകും. ഇന്ന് യാത്ര കശ്മീരിൽ അവസാനിച്ചെങ്കിലും വൈകാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി യാത്ര നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു യാത്രയുടെ വിജയമെന്നും കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ, ഇത്തരമൊരു പ്രതികരണം ലഭിക്കുമെന്നും ഇത്തരമൊരു ആവേശം ജനിപ്പിക്കുന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു. പക്ഷേ ഇന്ത്യയിലെ ജനങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. കേരളത്തിലും ദക്ഷിണേന്ത്യയിലും യാത്ര വിജയിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും ഉത്തരേന്ത്യയിൽ വിജയിപ്പിക്കാൻ കോൺഗ്രസിന് വലിയ പ്രയാസമാണ്. ഇപ്പോൾ ഞങ്ങൾ കാശ്മീരിലാണ്, ഏറ്റവും മികച്ച പ്രതികരണം കശ്മീരിലായിരുന്നുവെന്ന് എനിക്ക് പറയാൻ കഴിയും. ഇന്ത്യയിലെ ജനങ്ങൾ യാത്രയെ ഹൃദയത്തിൽ നിന്ന് പിന്തുണച്ചിട്ടുണ്ട്. അതിനാൽ യാത്ര അതിന്റെ ലക്ഷ്യങ്ങൾ നേടിയെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഞങ്ങളുടെ കേഡറിന് മുകളിൽ നിന്ന് താഴേക്ക് ഊർജം പകർന്നു. 89 വയസ്സുള്ള ശിവരാജ് പാട്ടീൽ മുതൽ 10 വയസ്സുള്ള കുട്ടികൾ വരെ യാത്രയുടെ ഭാഗമായി. എല്ലാവരും യാത്ര വിജയിപ്പിക്കാൻ കഠിനമായി പരിശ്രമിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.