റിയാദ്- സൗദി അറേബ്യയില്‍ നല്ല വില ലഭിക്കുന്ന ഫഖ കിഴങ്ങുകള്‍ തേടി മരുഭൂമിയിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ചു. 300 റിയാലും 500 റിയാലും നല്‍കി ഫഖ വാങ്ങാന്‍ ആളുകള്‍ തയാറുണ്ട് എന്നതുതന്നെയാണ് ഫഖ തേടിപ്പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
മഴ പെയ്ത ഉടനെയുള്ള സീസണില്‍ ലഭ്യമാകുന്ന ഒരുതരം കാട്ടുകൂണാണ് ഫഖ. ഈ ദിവസങ്ങളില്‍ സൗദിയില്‍ മരുഭൂമികളില്‍ അല്‍ഫഖക്കു വേണ്ടിയുള്ള തിരച്ചില്‍ വര്‍ധിച്ചതായി സൗദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇത് ആവേശത്തോടെ കഴിക്കുന്നു.
സീസണിന്റെ തുടക്കമായതിനാലാണ് വലിയ വില. ക്രമേണ വില കുറയും.
വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഫഖ കൂടുതല്‍ കാണപ്പെടുന്നത്. വ്യത്യസ്ത തരം സീസണല്‍ കാട്ടു കൂണുകള്‍ ഇവിടെ വളരുന്നു. ഇവയില്‍ വെളുത്ത നിറമുള്ള കിഴങ്ങാണ് ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരം. ചുവപ്പ് നിറത്തിലുള്ള ഫഖയുമുണ്ട്.
ശൈത്യകാലത്ത് സൗദിയിലെ പ്രധാന വിഭവങ്ങളിലൊന്നാണിത്. വ്യത്യസ്ത രീതികളില്‍ പാകം ചെയ്യുന്നു. ചില സ്വദേശികള്‍ നെയ്യ്, അപ്പം, വറുത്ത കൂണ്‍ എന്നിവയുടെ മിശ്രിതം കഴിക്കുന്നു.
ഫഖ തേടാന്‍ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ മുതല്‍ 11 മണി വരെയാണ്. ഉച്ചയോടെ വെയില്‍ ശക്തമാകുമ്പോള്‍ ഫഖ ദൃശ്യമാകില്ല. അതിനുശേഷം വൈകുന്നരം മുതല്‍ സൂര്യാസ്തമയം വരെയുള്ള സമയമാണ് ഉചിതം. ഫഖ ശേഖരിക്കാന്‍ പോകുന്നവര്‍ വിഷ ജന്തുക്കളെയും വിഷ സസ്യങ്ങളേയും സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)