തിരുവനന്തപുരം- യുവജനകമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കാന്‍ സഹായിച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും നന്ദി പറയേണ്ട സ്ഥലത്ത് നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കുമാണെന്നതും ചര്‍ച്ചയാവുന്നു. മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നതിന്റെ കാരണമായി പറഞ്ഞിട്ടുള്ളത് തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കും എന്നാണ്. മുഖ്യമന്ത്രിക്ക് പുറമേ എംവി. ഗോവിന്ദന്‍, കെ.എന്‍.ബാലഗോപാല്‍, എ.എന്‍. ഷംസീര്‍, ഇ.പി.ജയരാജന്‍, പി.കെ. ശ്രീമതി, എം.സ്വരാജ് എന്നീ സി പി എം നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നു. മുതിര്‍ന്ന സി പി എം നേതാവ് എം എ ബേബിയെ 'മെന്റര്‍' എന്നാണ് പ്രബന്ധത്തില്‍ ചിന്ത വിശേഷിപ്പിക്കുന്നത്.
ഒരു തലമുറയ്ക്കാകെ വിപ്ലവ വീര്യം പകര്‍ന്ന വാഴക്കുല എന്ന കാലാതീത കവിതയുടെ രചയിതാവിനെ തെറ്റിച്ചെഴുതി, മലയാളത്തിലെ കാവ്യഗോപുരങ്ങളായ ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും അപമാനിച്ചെന്ന ആക്ഷേപം കേള്‍ക്കുന്ന
ചിന്താ ജെറോമിന്റെ വിവാദ ഗവേഷണപ്രബന്ധത്തില്‍
കോപ്പിയടിയും ഉണ്ടെന്നാണ് പുതിയ ആരോപണം.
ബോധി കോമണ്‍സ് എന്ന വെബ് സൈറ്റില്‍ 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയവും ആ ലേഖനത്തില്‍ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയത് അതേപടിയും ചിന്ത തീസിസില്‍ പകര്‍ത്തിയെന്നാണ് ആക്ഷേപം. ഇതില്‍ കേരള വി.സിക്ക് പുതിയ പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മിറ്റി അറിയിച്ചു.
ഗവേഷണ പ്രബന്ധത്തില്‍ വാഴക്കുലയുടെ രചയിതാവായി ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളിയെന്ന് തെറ്റിച്ചെഴുതിയതാണ് ആദ്യം വിവാദമായത്. കേരള സര്‍വകലാശാല പി. വി. സിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മി കുടിയാന്‍, അടിമ ഉടമ, കീഴാള മേലാള, ഉച്ച നീചത്വ വ്യവസ്ഥിതിക്കെതിരെ 85 കൊല്ലം മുമ്പ് കവിതയുടെ വാള്‍ വീശി ചങ്ങമ്പുഴ രചിച്ച അനശ്വര കൃതിയായ വാഴക്കുലയെ പറ്റി, ഇതേ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതിയ മഹാപ്രസ്ഥാനത്തിന്റെ യുവ വനിതാ നേതാവിന്റെ അജ്ഞത ഗവേഷണ പ്രബന്ധത്തില്‍ തന്നെ പ്രകടമായത് സമൂഹത്തിലാകെ ചര്‍ച്ചയായിട്ടുണ്ട്. ചിന്തയുടെ ശമ്പള കുടിശിക വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാദം.
നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന ഗവേഷണ വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്ന് പറയുന്ന ഭാഗത്താണ് 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് ചിന്ത എഴുതിയിരിക്കുന്നത്.
ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും കേരള സര്‍വകലാശാല നടപടിയെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. തെറ്റ് കണ്ടെത്താന്‍ ഗൈഡായിരുന്ന മുന്‍ പി. വി. സി പി.പി. അജയകുമാറിനും മൂല്യനിര്‍ണയം നടത്തിയവര്‍ക്കും കഴിയാത്തതിനെതിരെയും പരാതികളുണ്ട്. ഓപ്പണ്‍ ഡിഫന്‍സില്‍ പോലും ഒരു ചര്‍ച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നല്‍കുന്നതെന്ന ചോദ്യമാണ് കേരള സര്‍വകലാശാല നേരിടുന്നത്.