ബെയ്ജിംഗ്- ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളെ മരണത്തിന് മുന്നില്‍ നിന്ന് രക്ഷിച്ചത് ബ്ലോഗറിന്റെ ഇടപെടല്‍. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലാണ് സംഭവം. റെസ്റ്റോറന്റിലെത്തിയ ആള്‍ നീരാളി കൊണ്ടുള്ള വിഭവത്തിനാണ് ഓര്‍ഡര്‍ നല്‍കിയത്. വിഭവം മുന്നിലെത്തിയെങ്കിലും അസ്വഭാവികത തോന്നിയതോടെ ഭക്ഷ്യ വിഭവത്തിന്റെ ചിത്രം പകര്‍ത്തി ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
നീരാളികളില്‍ ഒന്നില്‍ നീല നിറത്തിലെ വളയങ്ങള്‍ കണ്ടതായിരുന്നു സംശയത്തിന് കാരണം. ഇത് കഴിക്കാന്‍ പറ്റുന്നതാണോ എന്ന അടിക്കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തു. ചിത്രം ഭാഗ്യത്തിന് സയന്‍സ് ബ്ലോഗറായ ബോ വൂ സാ ഷീയുടെ ശ്രദ്ധയില്‍പ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം മറുപടി നല്‍കി. ഇത് കഴിക്കാന്‍ പാടില്ല. കാരണം അതൊരു ബ്ലൂ റിംഗ്ഡ് ഒക്ടോപസ് ആയിരുന്നു.
ഇതിന് ഉയര്‍ന്ന അളവിലുള്ള വിഷമുണ്ടെന്നും ചൂടാക്കിയത് കൊണ്ട് അതില്ലാതാകില്ലെന്നും ഷീ ചൂണ്ടിക്കാട്ടി. ഏതായാലും ചിത്രം പകര്‍ത്തിയതിന് പിന്നാലെ തന്നെ നീരാളി വിഭവം തനിക്ക് വേണ്ടെന്ന് കാട്ടി അയാള്‍ മടക്കി അയച്ചിരുന്നു. ബ്ലൂ റിംഗ്ഡ് ഒക്ടോപസിന്റെ വിഷം മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുകയും ഉള്ളിലെത്തി മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിനോ ശരീരം തളരാനോ കാരണവുമാകുന്നു.
പേര് പോലെ തന്നെ ശരീരത്തിലെ തിളങ്ങുന്ന നീല വളയങ്ങളാണ് പസഫിക്, ഇന്ത്യന്‍ സമുദ്രങ്ങളില്‍ കാണപ്പെടുന്ന ഈ നീരാളികളുടെ പ്രത്യേകത. എന്നാല്‍ ജീവന് ഭീഷണിയെന്ന് കാണുമ്പോള്‍ അപായ സൂചന പോലെയാണ് ഈ വളയങ്ങള്‍ തെളിയുന്നത്. നീരാളികള്‍ക്കിടെയില്‍ ഏറ്റവും വീര്യമേറിയ വിഷമുള്ള സ്പീഷീസുകളിലൊന്നാണ് ബ്ലൂ റിംഗ്ഡ് ഒക്ടോപസ്.
26 മനുഷ്യരെ മിനിറ്റുകള്‍ക്കുള്ളില്‍ കൊല്ലാനുള്ള വിഷം ഇതിനുണ്ട്. ഇവയുടെ കുത്തേറ്റാല്‍ അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. ചൈനയില്‍ ഇതിന് മുമ്പും അപൂര്‍വമായി സാധാരണ നീരാളികള്‍ക്കൊപ്പം മാര്‍ക്കറ്റുകളില്‍ ബ്ലൂ റിംഗ്ഡ് ഒക്ടോപസുകളെ അബദ്ധത്തില്‍ വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാവുന്നത്.