കാൺപൂർ- ഉത്തർ പ്രദേശിലെ കാൺപൂരിൽ ഹിന്ദു യുവതിയുമായി സൗഹൃദത്തിലായ മുസ്‌ലിം യുവാവിനെ സംഘപരിവാർ ഗുണ്ടകൾ തല്ലിച്ചതച്ചു. യുവതിയെ മൂന്ന് വർഷമായി പരിചയമുള്ള 24കാരനാണ് ആക്രമണത്തിനിരയായത്. റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഇരുവരും സംസാരിക്കുന്നതിനിടെയാണ് യുവാവിനെ പിന്തുടർന്നെത്തിയ സംഘം ഇടപെട്ടത്. ഏതു തരത്തിലുള്ള ബന്ധമാണെന്ന് ചോദ്യം ചെയ്തായിരുന്നു മർദനത്തിന്റെ തുടക്കം. മറുപടി നൽകിയ യുവാവിനെ പൊതിരെ തല്ലുകയായിരുന്നു. ആക്രമികളിൽ ഒരാൾ സംഭവത്തിന്റെ വീഡിയോ പകർത്തി. 'നിന്നെ കൊന്നു കളഞ്ഞില്ലെങ്കിൽ ഞങ്ങൾ സ്വന്തം പേര് മാറ്റും' എന്ന ആക്രോശവും വിഡിയോയിൽ കേൾക്കാം. ആളൊഴിഞ്ഞ ഇടത്തേക്ക് മാറ്റാമെന്നും മർദനത്തിനിടെ കൂട്ടത്തിലൊരാൾ പറയുന്നുണ്ട്. വിഡിയോ അവിടെ അവസാനിക്കുന്നു.
ഉത്തരഖണ്ഡിൽ സമാനരീതിയിൽ ആക്രമണത്തിനിരയായ മുസ്‌ലിം യുവാവിനെ സിഖ് പോലീസ് ഇൻസ്‌പെക്ടർ രക്ഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നതിനുട തൊട്ടുപിറകെയാണ് കാൺപൂരിലെ ആക്രമണത്തിന്റെ വീഡിയോയും പ്രചരിച്ചത്.