Sorry, you need to enable JavaScript to visit this website.

സർക്കസ് കലാകാരന്മാരുടെ അപൂർവ്വ സംഗമവേദിയായി ലെൻസ്‌കേപ്പ് ഫോട്ടോപ്രദർശനം

തലശ്ശേരി- ഇന്ത്യൻ സർക്കസിന്റെ കുലപതിയായ ജെമിനി ശങ്കരനും ഒരുകാലത്ത് സർക്കസ് വേദികളെ ത്രസിപ്പിച്ച കലാപ്രതിഭകളും ഒരേ വേദിയിൽ സംഗമിച്ച് അനുഭവങ്ങൾ പങ്കുവെച്ചത് പുതുമയായി.   കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ നടക്കുന്ന ബാലകൃഷ്ണൻ കൊയ്യാലിന്റെ ലെൻസ്‌കേപ്പ് ഫോട്ടോ പ്രദർശന വേദിയിലാണ് സർക്കസ് കലാകാരൻമാർ ഒത്തുകൂടിയത.് 
 ഉച്ചക്ക് ഒരുമണിയോടെയാണ് ജെമിനി ശങ്കരേട്ടൻ കതിരൂർ ആർട്ട് ഗാലറിയിൽ എത്തിയത്.
കളരി പാരമ്പര്യമുള്ള കതിരൂരിൽ അറുപത്തിലധികം മുതിർന്ന സർക്കസ് കലാകാരികളും കലാകാരൻമാരുമുണ്ട്. അതിൽ കുറേപ്പേർ താങ്കളുടെ പ്രിയപ്പെട്ട ശങ്കരേട്ടൻ വന്നതറിഞ്ഞ് കാണാനെത്തുകയായിരുന്നു. തുടർന്ന് സർക്കസിലെ പഴയകാല അനുഭവങ്ങളുടെ മനസ്സ് തുറക്കലായി.
 ഒരുകാലത്ത് ഇന്ത്യൻ സർക്കസിലെ കലാകാരൻ മാർ ഭൂരിഭാഗവും തലശ്ശേരിയുടെ പരിസര പ്രദേശത്തു നിന്നുള്ളവരായിരുന്നു. അന്നത്തെ സാമൂഹ്യ ചുറ്റുപാടുകൾ തന്നെയായിരുന്നു അതിന് കാരണം. ഇനി ആ മേൽകോയ്മ തിരിച്ചുപിടിക്കാൻ മലയാളിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കാരണം മലയാളിയുടെ ജീവിത നിലവാരം പണ്ടത്തേതിൽ നിന്ന് ഒട്ടേറെ മെച്ചപ്പെട്ടു കഴിഞ്ഞതായി ഒരുകാലത്ത് കലാകാരനായും പിന്നീട് നടത്തിപ്പുകാരനായും ഇന്ത്യൻ സർക്കസിന്റെ ഖ്യാതി ലോകമെങ്ങും എത്തിച്ച ജെമിനി ശങ്കരൻ പറഞ്ഞു.
മൃഗങ്ങളെ ജീവന് തുല്യം സ്‌നേഹിച്ച ശങ്കരേട്ടൻ സർക്കസിൽ നിന്ന് മൃഗങ്ങളെ മാറ്റി നിർത്തിയതിലും അതീവ ദുഃഖിതനാണെന്ന കാര്യം ഈ വേദിയിലും അദ്ദേഹം മറച്ച് വെച്ചില്ല.  ഭാരതി, സരോജിനി തുടങ്ങിയ സർക്കസ് കലാപ്രതിഭകൾക്ക് പുറമെ പഞ്ചായത്ത് പ്രസിഡന്റ് പി .പി സനിൽ, കെ .വി പവിത്രൻ, ബാലകൃഷ്ണൻ കൊയ്യാൽ, നന്ദകുമാർ മൂടാടി, പൊന്ന്യം ചന്ദ്രൻ, ശിവകൃഷ്ണൻ കെ .എം, ടി. കെ .ഷാജി, സനില പി .രാജ്, സജിത് നാലാം മൈൽ, ബൈജു കോട്ടായി ഉദയഭാനു അഴീക്കോട്, ജി .വി രാകേശ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Latest News