Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഇന്റലിജൻസ് മുൻ മേധാവിക്കൊപ്പം ചേർന്ന് പുസ്തകമെഴുതിയ പാക് ഇന്റലിജൻസ് മുൻ മേധാവിക്ക് സൈന്യത്തിന്റെ സമൻസ് 

ഇസ്ലാമാബാദ്- ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) മുൻ മേധാവി അമർജിത്ത് സിങ് ദൗലത്ത്, മാധ്യമപ്രവർത്തകൻ ആദിത്യ സിൻഹ എന്നിവർക്കൊപ്പം ചേർന്ന് പുസ്തകമെഴുതിയ പാക് ചാരസംഘടനയായ ഐ.എസ്.ഐ മുൻ മേധാവി ലെഫ്. ജനറൽ അസദ് ദുറാനിയിൽ നിന്ന് വിശദീകരണം തേടി പാക്കിസ്ഥാൻ സൈനിക മേധാവി സേനാ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി. സ്‌പൈ ക്രോണിക്ക്ൾസ്: റോ, ഐ.എസ്.ഐ ആൻഡ് ഇല്യൂഷൻ ഓഫ് പീസ് എന്ന വിവാദ പുസ്തകമാണ് പാക് സേനയെ ചൊടിപ്പിച്ചത്. പുസ്തകത്തിൽ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച് വിശദീകരണം തേടിയാണ് സേന സമൻസ് അയച്ചിരിക്കുന്നതെന്ന് പാക് പത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. വിരമിച്ച സൈനികർക്കുൾപ്പെടെ ബാധകമായ സൈനിക പെരുമാറ്റ ചട്ടങ്ങൾ ലംഘിക്കപ്പെട്ടോ എന്നാണ് സൈന്യം അന്വേഷിക്കുമെന്നതും റിപ്പോർട്ടുണ്ട്.

പാക്കിസ്ഥാനിലെ ഒളിസങ്കേതത്തിൽ കഴിഞ്ഞ അൽഖഇദ നേതാവ് ഉസാമ ബിൻലാദനെ വധിക്കാൻ പാക്കിസ്ഥാൻ സർക്കാരും യുഎസ് സർക്കാരും രഹസ്യ കരാറുണ്ടാക്കിയിരുന്നെന്നും പാക്കിസ്ഥാന്റെ പൂർണ അറിവോടെയാണ് സംഭവം നടന്നതെന്നും പുസ്തകത്തിൽ ദുറാനി പറയുന്നുണ്ട്. കുൽഭൂഷൺ യാദവിന്റെ വിഷയം പാക്കിസ്ഥാൻ കൈകാര്യം ചെയ്തത് ശരിയായില്ലെന്നും കുൽഭൂഷണെ ഇന്ത്യയ്ക്കു കൈമാറാമായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. 

പുസ്തകത്തിൽ പല പരാമർശങ്ങൾക്കുമെതിരെ പാക്ക് സേനയിലെ പല ഉന്നതരും രംഗത്തു വന്നിരുന്നു. ഈ വിവരങ്ങൾ വസ്തുതാപരമല്ലെന്നും അടിസ്ഥാന രഹിതമാണെന്നും അവർ പറയുന്നു. ഈ വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ദുറാനിയിൽ നിന്ന് സൈന്യം നേരിട്ട് വിശദീകരണം തേടിയിരിക്കുന്നത്.
 

Latest News