നെടുമ്പാശ്ശേരി-ഷാര്‍ജയില്‍നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് അടിയന്തിര ലാന്റിങ് നടത്തി. ഐ.എക്‌സ് 412 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ഞായര്‍ രാത്രി 8.26 ന് അടിയന്തിര ലാന്റിങ് നടത്തിയത്. 193 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ അടിയന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു. രാത്രി 8.04 ന് വിമാനത്താവളത്തില്‍ പൂര്‍ണ്ണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നിമിഷ നേരങ്ങള്‍ക്കകം ഏത് സാഹചര്യവും നേരിടാന്‍ ഫയര്‍ഫോഴ്‌സുകളും ആംബുലന്‍സുകളും സജ്ജമാക്കി. അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ക്കും സന്ദേശം നല്‍കി. വിമാനം പൂര്‍ണ സുരക്ഷിതമായാണ് നിലത്തിറങ്ങിയത്. ഇതോടെ 8.36 ന് അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി.