വഹെദ് ഹസിറാൻ (ഇറാഖ്) തലസ്ഥാനമായ ബഗ്ദാദിൽ നിന്ന് 200 കിലോമീറ്റർ അകലെ വഹെദ് ഹസിറാനിൽ വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ കഴിയുകയാണ് നാലു വയസ്സുകാരി ഹൗറ. സമപ്രായക്കാരെല്ലാം തെരുവിൽ കളിച്ചുല്ലസിച്ചു നടക്കുന്നത് നോക്കി നിൽക്കാനെ അവൾക്ക് കഴിയുന്നുള്ളൂ. ഹൗറയെ ആരും കളിക്കാൻ കൂട്ടുന്നില്ല. അയൽക്കാരായ കുട്ടികൾക്കിടയിലെ പരിഹാസ്യ പാത്രമാണ് ഹൗറ. ജന്മനാ ഉള്ള അപൂർവ ത്വക്ക് രോഗമാണ് ഹൗറയെ അലട്ടുന്നത്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമായ ത്വക്ക് കാൻസറായി മാറുന്ന രോഗമാണ് ഹൗറയുടേത്. കഴത്തിനു താഴെ ശരീരമാസകലം തൊലിക്ക് കറുപ്പു നിറമാണ്. ഈ നിറത്തെ ചൊല്ലിയാണ് ഹൗറയെ മറ്റു കുട്ടികൾ പരിഹസിക്കുന്നത്. ആരം ഹൗറയുമായി കൂട്ടുകൂടാനില്ല. എല്ലാവരും അകറ്റുന്നു.
ഈ ദുരിതം കാരണം മാതാപിതാക്കൾ ഹൗറയെ പുറത്തേക്കു വിടാറുമില്ല. പുറത്തിറങ്ങുമ്പോഴെല്ലാം ശരീരം പൂർണമായും മറുന്ന ഉടുപ്പണിയിച്ചാണ് കൊണ്ടു പോകുന്നത്. രണ്ടു വർഷത്തിനുള്ളിൽ മകൾക്ക് സ്‌കൂളിലേക്ക് പോകേണ്ടി വരുമ്പോഴുള്ള അവസ്ഥ ഓർത്ത് ആധിയിലാണ് ഉമ്മ ആലിയ ഖാഫിഫ്. മറ്റു കുട്ടികളെ ഹൗറയോട് എങ്ങനെ പെരുമാറും എന്നോർത്താണ് ഉമ്മയുടെ ആധി. അവളുടെ ഭാവിയിൽ കുടുംബത്തിന് വലിയ ആശങ്കയുണ്ട്.
സാധരണ തൊലിപ്പുറത്ത് കാണുന്ന മറുകാണ് ഹൗറയുട രോഗം. ഇത് ശരീരമാസകലം വ്യാപിച്ചിരിക്കുകയാണ്. ഇത് മാരകമായ ത്വക്ക് കാൻസറിലേക്കു നയിച്ചേക്കാമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഈ ഭീഷണിയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ തൊലിമാറ്റ ശസ്ത്രക്രിയ നടത്തുകയോ ലേസർ ചികിത്സ ചെയ്യുകയോ വേണ്ടി വരും. എന്നാൽ ഇതൊന്നും ഹൗറയുടെ കുടുംബത്തിന് താങ്ങാവുന്ന ചികിത്സാ ചെലവുകളല്ല.
ഉപരോധവും അധിനിവേശവും ആഭ്യന്തര യുദ്ധവും തകർത്തു തരിപ്പണമാക്കിയ ഇറാഖിലെ ആരോഗ്യ മേഖലയിൽ ഹൗറയ്ക്കു കുടുംബത്തിനും പ്രതീക്ഷിക്കാനൊന്നുമില്ല. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ചികിത്സ ഇറാഖിൽ ലഭ്യമല്ലെന്നാണ് അവരൊക്കെ പറഞ്ഞതെന്ന് ഉമ്മ ആലിയ പറയുന്നു. വിദേശത്തെവിടെയെങ്കിലും വിദഗ്ധരെ സമീപിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ വിദേശ യാത്രാ, ചികികിത്സാ ചെലവ് താങ്ങാനുള്ള ശേഷി കുടുംബത്തിനില്ല. ചൂടുകാലത്ത് ഹൗറയ്ക്കുണ്ടാകുന്ന രൂക്ഷമായ ചൊറിച്ചിലിനുള്ള ചികിത്സയ്ക്കു പോലും കുടുംബത്തിന് വകയില്ല. രോഗിയായ ഭർത്താവും സ്‌കൂളിൽ പോകുന്ന നാലു ആൺമക്കളുമാണ് ആലിയക്ക് തുണയായുള്ളത്. ഈ കഥയൊന്നുമറിയാതെ ഹൗറ സമപ്രായക്കാരിൽ നിന്നുള്ള പരിഹാസം മൂലം തന്റെ കളിസ്ഥലം വീട്ടിനകത്തെ മുറിയിലേക്ക് ഒതുക്കിയിരിക്കുകയാണിപ്പോൾ.