പട്‌ന- കേരളത്തിലുണ്ടായ മാരകമായ നിപ്പാ വൈറസ് ബാധയും മരണങ്ങളും ഉണ്ടാക്കിയ ആശങ്ക നിലനില്‍ക്കുകയാണ്. നിപ്പാ ബാധയുടെ പശ്ചാത്തലത്തില്‍ നാട്ടിന്‍പുറങ്ങളിലെല്ലാം വവ്വാലുകളെ അല്‍പ്പം ഭീതിയോടെയാണ് ജനങ്ങള്‍ കാണുന്നത്. വവ്വാലുകള്‍ നിപ്പാ വൈറസ് വാഹകരെന്നാണ് കണ്ടെത്തല്‍. വവ്വാലുകളോടുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമുണ്ട്. എന്നാല്‍ ബിഹാറിലെ വൈശാലി ജില്ലയിലെ സര്‍സായ് ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യവും വവ്വാലുകളാണ്. ഗ്രാമീണരുടെ ആരാധനാപാത്രമാണ് വവ്വാലുകള്‍ ഇവിടെ. നിപ്പാ ഭീതിയും ആശങ്കയുമൊന്നും ഇവിടെ വിലപോകില്ല. ഇവിടെ ജനങ്ങള്‍ വവ്വാലുകള്‍ക്ക്് ഭക്ഷണവും ആവാസഇടവുമെല്ലാം കൊടുന്നതിനു പുറമെ അവയെ ആരാധിക്കുക കൂടി ചെയ്യുന്നു. ഗ്രാമത്തിന്റെ സംരക്ഷകരാണെന്ന് ഇവയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഐശ്വര്യത്തിന്റെ പ്രതീകവുമാണത്രെ.
മനുഷ്യരും വവ്വാലുകള്‍ എത്രത്തോളം അടുത്തിടപഴകി ജീവിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരമാണ് സര്‍സായ് ഗ്രാമം. ഇവിടെ എതാണ്ട് അര ലക്ഷത്തോളം വവ്വാലുകളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഗ്രാമത്തിലെ വിശാലമായ ഒരു കുളത്തിനു ചുറ്റുമുള്ള മരങ്ങളിലാണ് ഇവയുടെ വാസം. മികച്ച ആഹാരം ലഭിക്കുന്നതിനാല്‍ തടിച്ചുകൊഴുത്ത് അഞ്ചു കിലോ വരെ ഭാരമുള്ള വവ്വാലുകളുമുണ്ട്. ഈ ഗ്രാമത്തിലെ ഒരു വീട്ടിലും വവ്വാലുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാതെ ഒരു ചടങ്ങും നടക്കാറില്ല.
പുരാതനകാലം തൊട്ടെ ഇവിടെ കഴിയുന്നവരാണ് ഈ വവ്വാലുകളെന്ന് പ്രായമായവര്‍ പറയുന്നു. പണ്ട് കോളറ അടക്കമുള്ള മഹാമാരികള്‍ പടര്‍ന്നു പിടിച്ച് നിരവധി പേര്‍ നിരന്തരം മരിച്ചിരുന്ന ഗ്രാമത്തില്‍ വവ്വാലുകള്‍ തമ്പടിച്ചതോടെയാണ് രോഗ പടര്‍ച്ചയ്ക്ക് ശമനം വന്നതത്രെ. ഇതോടെ ജനങ്ങളുടെ ആരാധനാപാത്രമായി വവ്വാലുകള്‍ മാറുകയായിരുന്നു. വവ്വാലുകളെ ഞങ്ങല്‍ ഭാഗ്യമായാണ് കാണുന്നതെന്ന് ഗ്രാമീണനായ അമോദ് കുമാര്‍ നിരാല പറയുന്നു.
ഇവിടെ വവ്വാലുകളെ ഉപദ്രവിക്കാനോ കൊല്ലാനോ പാടില്ല. വവ്വാലുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഗ്രാമത്തില്‍ ദുരിതമുണ്ടാകുമെന്ന വിശ്വാസം ഗ്രാമീണരില്‍ രൂഢമൂലമായിരിക്കുന്നു. ഞങ്ങളുടെ പ്രപിതാക്കള്‍ കൈമാറി വന്ന മുന്നറിയിപ്പാണിതെന്ന് അമോദ് പറയുന്നു. കുളത്തില്‍ വെള്ളെ കുറയുമ്പോള്‍ പണം നല്‍കി ടാങ്കുകള്‍ വെള്ളമെത്തിച്ചും ഈ ഗ്രാമീണര്‍ വവ്വാലുകളെ സഹായിച്ചു വരുന്നു.
15-ാം നൂറ്റാണ്ടിലെ നാട്ടുരാജാവായിരുന്ന രാജ് ശിവ സിങ് നിര്‍മ്മിച്ചതാണ് ഗ്രാമത്തിലെ വലിയ കുളം. ഈ പരിസരത്തുള്ള ആല്‍മരങ്ങളും മറ്റു മരങ്ങളിലുമാണ് വവ്വാലുകള്‍ കൂടുകുട്ടിയിരിക്കുന്നത്. രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനു പുറമെ ഈ വവ്വാലുകള്‍ പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പും നല്‍കാറുണ്ടൈന്ന് ഗ്രാമീണര്‍ പറയുന്നു. അസ്വാഭാവികമായി എന്തുണ്ടായാലും അവ കൂട്ടമായി ഒച്ചവയ്ക്കും. തെക്കേ ഇന്ത്യയില്‍ വവ്വാലുകള്‍ നിപ്പാ ഭീതിയില്‍ ആശങ്കയുണ്ടാക്കുമ്പോള്‍ വടക്കെ ഇന്ത്യയിലെ ഈ ഗ്രാമത്തില്‍ മനുഷ്യരും വവ്വാലുകളും അപൂര്‍വ്വ പാരസ്പര്യത്തോടെയാണ് കഴിയുന്നത്.