ലണ്ടന്‍- മിക്ക നഗരങ്ങളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത്. അടുത്തിടെ വടക്കേ മലബാറിലെ ഒരു പട്ടണത്തില്‍ ഈ ശല്യം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു കേന്ദ്രത്തില്‍ യുവാക്കള്‍ സ്ഥാപിച്ച ബോര്‍ഡ് കൗതുകകരമാണ്. ഇവിടെ മൂത്രമൊഴിക്കരുത്, താങ്കള്‍ സിസിടിവി നിരീക്ഷണത്തിലാണെന്നാണ് ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നത്. ഇതു കൊണ്ട് പരിഹാരമായോ എന്നറിയില്ല. എന്നാല്‍ ഈ ശല്യം നിര്‍ത്താന്‍ ഒരു നൂതന വിദ്യയുമായി എത്തിയിരിക്കുകയാണ് യു.കെയിലെ സോഹോ നഗരം. ഇവിടെയുള്ള മതിലുകളില്‍ ആളുകള്‍ മൂത്രമൊഴിച്ചാല്‍ തിരിച്ച് അത് അയാളുടെ ദേഹത്ത് തന്നെ തെറിപ്പിക്കുന്നു. നിരന്തരം ആളുകള്‍ മൂത്രമൊഴിക്കുന്ന മതിലുകളില്‍ പ്രത്യേകതരം പെയിന്റ് അടിച്ചാണ് ഈ വിദ്യ നടപ്പിലാക്കിയത്.
വിനോദ കേന്ദ്രങ്ങള്‍ അധികമുള്ള സ്ഥലമായതിനാല്‍ സോഹോയില്‍ രാത്രി മദ്യപിച്ച് വന്ന് മതിലില്‍ മൂത്രമൊഴിക്കുന്നത് പതിവാണ്. ഇത് അവസാനിപ്പിക്കുകയായിരുന്നു ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ ലക്ഷ്യം. മതിലുകളില്‍ സുതാര്യമായ ഒരു പ്രതലമുള്ളതാണ് ഇങ്ങനെ മൂത്രം തിരിച്ചുവരാന്‍ കാരണം. അത് പെയിന്റിന്റെ പ്രത്യേകതയാണ്. ഈ പെയിന്റ് രണ്ട് ഘട്ടങ്ങളായാണ് മതിലില്‍ അടിക്കേണ്ടത്.
ആദ്യഘട്ടം അടിസ്ഥാന പ്രൈമറായി പ്രവര്‍ത്തിക്കുന്നു. ഈ പ്രൈമര്‍ ഉപരിതലത്തെ മിനുസപ്പെടുത്തുന്നു. അതിനുശേഷം ടോപ്പ് കോട്ട് പ്രയോഗിക്കുന്നു. പെയിന്റ് പ്രധാനമായും അസെറ്റോണും സിലിക്കയും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് ഇതിലെ പ്രധാന ഘടകം മണലാണ്. സൂപ്പര്‍ഹൈഡ്രോഫോബിക് കോട്ടിംഗ് ആയതിനാല്‍ ഇതിലേയ്ക്ക് ഒഴിക്കുന്ന എല്ലാ ദ്രാവകങ്ങളെയും അത് അകറ്റുന്നു. കൂടാതെ മതിലുകളില്‍ ഇക്കാര്യം അറിയിക്കുന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി വന്‍ വിജയമാണെന്ന് കൗണ്‍സില്‍ അധികൃതര്‍ പറയുന്നു.