Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി ആരെന്ന് അറിയില്ല; ട്രെയ്ന്‍ യാത്രക്കിടെ യുവാവിനു മര്‍ദനം

മാള്‍ഡ- ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് മറുപടി അറിയാത്ത യുവാവിനെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നില്‍ ഒരു സംഘമാളുകള്‍ ആക്രമിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ മേയ് 14-നു നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ബംഗ്ല സംസ്‌കൃതി മഞ്ച എന്ന സന്നദ്ധ സംഘടന ഇടപെട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹൗറ-മാള്‍ഡ പാസഞ്ചറില്‍ യാത്രക്കാരനായ യുവാവിനോട് സഹയാത്രികള്‍ പ്രധാനമന്ത്രിയെ കുറിച്ചും ദേശീയ ഗാനത്തെ കുറിച്ചും രാഷ്ട്രപതി ആരാണെന്നുമെല്ലാം ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഉത്തരമറിയാത്ത യുവാവിനെ സംഘം മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു. ഗുജറാത്തില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ജമാല്‍ മൊമിന്‍ എന്ന മുസ്ലിം യുവാവാണ് ആക്രമണത്തിനിരയായത്. 

തനിക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ലെന്നും ഉത്തരമറിയില്ലെന്നും ജമാല്‍ പറഞ്ഞെങ്കിലും സംഘം വെറുതെ വിട്ടില്ല. നിര്‍ബന്ധിച്ച് വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും ചെയ്തു. തന്റെ മതത്തേയും കുടുംബത്തേയും പരാമര്‍ശിച്ച് അധിക്ഷേപിച്ചുവെന്നും സംഭവം കണ്ട ആരും പ്രതികരിച്ചില്ലെന്നും ജമാല്‍ പറഞ്ഞു. സീറ്റ് മാറിയിരിക്കാന്‍ ആക്രമികള്‍ ആദ്യം പറയുകയും അത് അനുസരിക്കുകയും ചെയ്തിട്ടും വെറുതെ വിട്ടില്ല. ഒടുവില്‍ ബാന്‍ഡല്‍ സ്‌റ്റേഷനില്‍ ഇറക്കിവിടുകയും ചെയ്തു.

സംഭവത്തിനു ശേഷം ജമാലും കുടുംബവും സ്വദേശമായ ഗുജറാത്തിലേക്കു തിരിച്ചു പോയി.  ബംഗ്ല സംസ്‌കൃതി മഞ്ച പ്രവര്‍ത്തകര്‍ ജമാലിനെ കണ്ടെത്തി ഭാര്യയെ കൊണ്ട് പോലീസില്‍ പരാതി കൊടുപ്പിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മാള്‍ഡ എസ് പി അര്‍ണാബ് ഘോഷ് അറിയിച്ചു.
 

Latest News