ശ്രീനഗര്‍- യുവതിയോടൊപ്പം ശ്രീനഗര്‍ ഹോട്ടലില്‍ വഴക്കുണ്ടാക്കിയ സംഭവത്തില്‍ കശ്മീരിലെ വിവാദ മേജര്‍ക്കെതിരെ സൈന്യം അന്വേഷണം ആരംഭിച്ചു. ഹോട്ടലിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രണ്ടുദിവസംമുമ്പ് മേജര്‍ ലീതുല്‍ ഗൊഗോയിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കല്ലേറ് നടത്തുന്ന പ്രക്ഷോഭകരില്‍നിന്ന് രക്ഷപ്പെടാനെന്ന പേരില്‍ കശ്മീരി യുവാവിനെ സൈനിക വാഹനത്തില്‍ കെട്ടിവലിച്ചാണ് ഗൊഗോയി നേരത്തെ വാര്‍ത്തകളില്‍ ഇംടപിടിച്ചത്. കശ്മീരില്‍ സ്വീകരിച്ച സൈനിക നടപടിക്ക് ഇദ്ദേഹത്തെ പ്രത്യേക പതക്കം നല്‍കി കരസേനാധിപന്‍ ആദരിക്കുകയും ചെയ്തിരുന്നു.
ഏതെങ്കിലും കാര്യത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാ പരമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന കരസേനാധിപന്‍ ജനറല്‍ ബിപിന്‍ റാവത്ത് പഹല്‍ഗാമില്‍ പറഞ്ഞു.
മേജര്‍ ഗൊഗോയിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും അന്വേഷണം അവസാനിച്ചാല്‍ ഉചി നടപടി കൈക്കൊള്ളുമെന്നും സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ ഏതൊക്കെ കാര്യങ്ങളിലാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
അച്ചടക്ക ലംഘനം, വിവാദ പെരുമാറ്റം എന്നിവ സംബന്ധിച്ച് സൈനിക ചട്ടങ്ങള്‍ക്കനുസൃതമായ കോര്‍ട്ട് ഓഫ് എന്‍ക്വയറിക്കാണ് ഗൊഗോയിയുടെ കാര്യത്തില്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് കശ്മീരി യുവാവിനെ സൈനിക ജീപ്പിന്റെ ബോണറ്റില്‍ കെട്ടി ബദ്ഗാം ജില്ലയിലെ വിവിധ ഗ്രാമങ്ങളിലൂടെ ഓടിച്ച് ഗൊഗോയി വിവാദം സൃഷ്ടിച്ചത്.
യുവതിയെ ഹോട്ടലില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഗൊഗോയിയും സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന സമീര്‍ അഹ്്മദ് എന്നയാളും ഹോട്ടല്‍ ഗ്രാന്‍ഡ് മംതയില്‍ വാക്കുതര്‍ക്കമുണ്ടാക്കിയത്. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരേയും പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.
മേജറെ കാണാനെത്തിയതാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ലീതുല്‍ ഗൊഗോയിയുടെ പേരില്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്നുവെന്് പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
ഗൊഗോയി ഇതിനുമുമ്പ് രണ്ടു തവണ രാത്രി തങ്ങളുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് യുവതിയുടെ അമ്മ പോലീസിനോട് പറഞ്ഞു. രണ്ട് തവണയും സമീര്‍ അഹ്്മദ് കൂടെയുണ്ടായിരുന്നു. ഒരു തവണ പട്ടാളത്തെ കണ്ടപ്പോള്‍ തനിക്ക് ബോധം നഷ്ടമായെന്നും അവര്‍ വെളിപ്പെടുത്തി. സൈനിക റെയ്ഡിനെ കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായി അവര്‍ പറഞ്ഞു.