ഇടുക്കി-ഭൂമി പാട്ടത്തിന് നൽകി വൻതുക തട്ടിയെടുത്തെന്ന കേസിൽ സിനിമ നടൻ ബാബുരാജ് അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് ആരോപണം. 2020ൽ കോതമംഗലം സ്വദേശിയായ അരുൺകുമാറിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കേസിൽ അടിമാലി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നടൻ ഹൈക്കോടതിയിൽ നിന്ന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം നേടി.
ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം, ഒരു മാസത്തേക്ക് എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ എത്തണം, നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയായിരുന്നു പ്രധാന ജാമ്യവ്യവസ്ഥകൾ. ഇത് പ്രകാരം ഇന്നലെ സ്റ്റേഷനിലെത്തിയതായിരുന്നു ബാബുരാജ്. ഇതിനിടെ ഉച്ചഭക്ഷണം കഴിക്കാനായി പുറത്തേക്ക് പോയ ബാബുരാജ് തിരികെയെത്തിയില്ല. ബാബുരാജ് ഫെബ്രുവരി നാലിന് എത്താമെന്ന് അറിയിച്ചെന്നാണ് പോലീസ് പറയുന്നത്.
മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന സ്ഥാപനം. ഇതിൽ അഞ്ച് കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾ പ്രകാരം അസാധുവെന്ന് കണ്ടെത്തി ഒഴിയാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇത് മറച്ചുവച്ച് 2020 ഫെബ്രുവരി 26ന് 40 ലക്ഷം രൂപ ഡെപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് അരുണിന് നൽകാമെന്ന് കാണിച്ച് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി 40 ലക്ഷം നൽകിയെന്നുമാണ് അരുൺകുമാറിന്റെ പരാതി.