Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റാഷിദിനു മുന്നിൽ  കൊൽക്കത്ത വീണു

ഹൈദരാബാദ് ഓപണർ വൃദ്ധിമാൻ സാഹയെ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക് സ്റ്റമ്പ് ചെയ്യുന്നു. 
  • ചെന്നൈ-ഹൈദരാബാദ് ഫൈനൽ

കൊൽക്കത്ത - അഫ്ഗാനിസ്ഥാന്റെ പത്തൊമ്പതുകാരൻ റാഷിദ് ഖാന്റെ ഉജ്വലമായ ഓൾറൗണ്ട് പ്രകടനം സൺറൈസേഴ്‌സ് ഹൈദരാബാദിന് രണ്ടാം ശ്രമത്തിൽ ഐ.പി.എൽ ഫൈനലിലേക്ക് വഴിയൊരുക്കി. എലിമിനേറ്റർ ജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ടാം ക്വാളിഫയറിൽ അവരുടെ കാണികൾക്കു മുന്നിൽ ഹൈദരാബാദ് 13 റൺസിന് തോൽപിച്ചു. പതിനെട്ടോവറിൽ ഏഴിന് 138 ൽ പരുങ്ങുകയായിരുന്ന ഹൈദരാബാദിനെ ഏഴിന് 174 എന്ന മികച്ച സ്‌കോറിലേക്ക് നയിച്ചത് റാഷിദായിരുന്നു (10 പന്തിൽ നാല് സിക്‌സറോടെ 34 നോട്ടൗട്ട്). പിന്നീട് ബൗളിംഗിലും റാഷിദ് കരുത്തുകാട്ടി (4-0-19-3). ഓപണർ ക്രിസ് ലിൻ (31 പന്തിൽ 48), റോബിൻ ഉത്തപ്പ (2), ആന്ദ്രെ റസ്സൽ (3) എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകൾ സ്വന്തമാക്കി. ഒരു റണ്ണൗട്ടും രണ്ട് ക്യാച്ചും കൂടിയായതോടെ റാഷിദിന്റെ പ്രകടനം സമ്പൂർണമായി. ഒമ്പതിന് 169 ൽ കൊൽക്കത്തയുടെ മറുപടി അവസാനിച്ചു. ഞായറാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സുമായാണ് ഹൈദരാബാദ് ഫൈനൽ കളിക്കുക. ആദ്യ ക്വാളിഫയറിൽ ഹൈദരാബാദിൽ നിന്ന് അവസാന നിമിഷം ചെന്നൈയുടെ ഫാഫ് ഡുപ്ലെസി വിജയം തട്ടിയെടുക്കുകയായിരുന്നു. പ്ലേഓഫ് ഉറപ്പാക്കിയതിനു പിന്നാലെ തുടർച്ചയായ നാല് പരാജയങ്ങൾക്കു ശേഷമാണ് ഹൈദരാബാദ് ജയിക്കുന്നത്. 
ശിഖർ ധവാനും (24 പന്തിൽ 34) വൃദ്ധിമാൻ സാഹയും (27 പന്തിൽ 35) നല്ല തുടക്കം നൽകിയ ശേഷം സ്പിന്നർമാർക്കു മുന്നിൽ ഹൈദരാബാദിന് വഴി തെറ്റിയതായിരുന്നു. ശിഖറിനെയും ക്യാപ്റ്റൻ കെയ്ൻ വില്യംസനെയും (3) കുൽദീപ് യാദവ് എട്ടാം ഓവറിൽ പുറത്താക്കി. അതോടെ ഹൈദരാബാദിന്റെ മധ്യനിര കൂപ്പുകുത്തി. ശാഖിബുൽ ഹസനും (24 പന്തിൽ 28) ദീപക് ഹൂഡയും (19 പന്തിൽ 19) രണ്ടക്കം കണ്ടെങ്കിലും ഒരുപാട് പന്തുകൾ പാഴായി. യൂസ്ഫ് പഠാൻ (3), കാർലോസ് ബ്രാതവൈറ്റ് (8) എന്നീ വെടിക്കെട്ടുകാരും പരാജയപ്പെട്ടു. പത്തൊമ്പതാം ഓവറിൽ ക്രീസിലെത്തിയ റാഷിദാണ് കളി തിരിച്ചത്. പെയ്‌സ്ബൗളർമാരായ ശിവം മാവിയെയും പ്രസിദ്ധ് കൃഷ്ണയെയും റാഷിദ് രണ്ടു വീതം സിക്‌സറിനുയർത്തി. 
അതിവേഗമാണ് കൊൽക്കത്ത മറുപടി തുടങ്ങിയത്. ലിന്നും സുനിൽ നരേനും (13 പന്തിൽ 26) മൂന്നോവറിൽ സ്‌കോർ 40 ലെത്തിച്ചു. നരേനു പകരം വന്ന നിതീഷ് റാണയും (16 പന്തിൽ 22) തകർത്തടിച്ചതോടെ 8.3 ഓവറിൽ സ്‌കോർ 87 ലെത്തി. നിതീഷിനെ റണ്ണൗട്ടാക്കുകയും ഉത്തപ്പയെ ബൗൾഡാക്കുകയും ചെയ്ത് റാഷിദ് കളി തിരിച്ചു. ലിന്നിനെ വിക്കറ്റിനു മുന്നിൽ കുടുക്കി. ക്യാപ്റ്റൻ ദിനേശ് കാർത്തികിനെ (8) ശാഖിബുൽ ഹസൻ ബൗൾഡാക്കി. അപകടകാരിയായ റസ്സലും റാഷിദിനു മുന്നിൽ മുട്ടുമടക്കി. ശുഭ്മാൻ ഗിൽ (20 പന്തിൽ 30) പൊരുതിയെങ്കിലും കൊൽക്കത്തയിൽ നിന്ന് വിജയം അകന്നു. 

Latest News