വാഷിംഗ്ടണ്‍- കാലാവധിയുടെ രണ്ടാം പകുതിയിലേക്ക് പ്രവേശിക്കുന്ന, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള പുതിയ ചീഫ് ഓഫ് സ്റ്റാഫായി കോവിഡ് 19 യു.എസ് പോളിസി മുന്‍ കോഡിനേറ്ററായ ജെഫ് സിയന്റ്‌സിനെ നിയമിച്ചു.
രണ്ട് വര്‍ഷത്തെ ജോലിക്ക് ശേഷം രാജിവെക്കുന്ന റോണ്‍ ക്ലെയ്‌ന് പകരക്കാരനായാണ് സിയന്റ്‌സ് എത്തുന്നത്. യു.എസ് എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലെ ഏറ്റവും ശക്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്. വൈറ്റ് ഹൗസിന്റെ ദൈനംദിന കാര്യങ്ങള്‍ നയിക്കുന്നതും ജീവനക്കാരെ നിയന്ത്രിക്കുന്നതും പ്രസിഡന്റിന്റെ ഓഫീസിന്റെ ചുക്കാന്‍ പിടിക്കുന്നതും നയം നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതും ചീഫ് ഓഫ് സ്റ്റാഫാണ്.
ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കാണ് ആധിപത്യമെന്നതിനാല്‍ നിയമനിര്‍മ്മാണ അജണ്ട മുന്നോട്ടു കൊണ്ടുപോകാന്‍ യു.എസ് പ്രസിഡന്റിന് തടസ്സമേറെയാണ്. ഇവിടെയാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ കാര്യക്ഷമത സുപ്രധാനമാകുന്നത്.