Sorry, you need to enable JavaScript to visit this website.

നിപ്പാ: വടക്കൻചേരിക്ക് പിന്തുണയുമായി സ്വാമി അഗ്‌നിവേശ് 

  • വടക്കൻചേരി നേച്ചർ ലൈഫ് ചെയർമാൻ പദം രാജിവച്ചു

കൊച്ചി - നിപ്പാ വിഷയത്തിൽ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കൻചേരിക്കെതിരായ  പോലീസ് കേസുകളിൽ ശക്തമായി പ്രതിഷേധിക്കുന്നതായി സ്വാമി അഗ്‌നിവേശ്. ജേക്കബിനൊപ്പം കക്ഷി ചേരുമെന്നും നിയമനടപടികളുടെ ചെലവ് താൻ ഏറ്റെടുക്കുമെന്നും സ്വാമി വ്യക്തമാക്കി.

അതേസമയം, തനിക്കെതിരായ കേസുകളിൽ നിയമ പോരാട്ടത്തിനും മരുന്നില്ലാത്ത പ്രകൃതിചികിത്സ വിപുലമായി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനുമായി പ്രകൃതിജീവന സംരംഭമായ നേച്ചർ ലൈഫ് ഇന്റർനാഷണലിന്റെ ചെയർമാൻ സ്ഥാനം ജേക്കബ് വടക്കൻചേരി രാജിവച്ചു. കേസ് ജേക്കബ് നേരിട്ട് വാദിക്കും.
നേച്ചർ ലൈഫ് ഇന്റർനാഷണലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. നിപ്പാ വൈറസിനെ കുറിച്ച്  ഫേസ്ബുക്കിൽ തെറ്റായ പ്രചാരണം നടത്തിയെന്ന പരാതിയിൽ  ജേക്കബ് വടക്കൻചേരിക്കെതിരെ സൈബർ പോലീസും തൃത്താല പോലീസുമാണ് കഴിഞ്ഞദിവസം  വെവ്വേറെ കേസെടുത്തത്. ഐ പി സി 270, 500, കേരള പോലീസ് ആക്ട്   120 വകുപ്പുകൾ അനുസരിച്ചാണ് തൃത്താല പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 505(2), 426, പൊലീസ് ആക്ട്  118 ബി, സി എന്നിവ പ്രകാരമാണ് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്. 
പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വിജിത് നൽകിയ പരാതിയിലാണ് തൃത്താല പോലീസ് കേസെടുത്തത്. 
ഇൻഫോ ക്ലിനിക്ക് ഫേസ് ബുക്ക് കൂട്ടായ്മയുടെ  തുടക്കക്കാരിൽ ഒരാളായ ഡോ.പി എസ്  ജിനേഷ്  മുഖ്യമന്ത്രിക്ക് രണ്ടുവട്ടം ജേക്കബ് വടക്കൻചേരിക്കെതിരെ പരാതി നൽകിയിരുന്നു.

Latest News