തൃശൂർ - ഇരിങ്ങാലക്കുട കാട്ടൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ഒറ്റ പ്രസവത്തിൽ ഉണ്ടായ മൂന്നു കുട്ടികളിൽ ഒരാളാണ് മരിച്ചത്. ഇരിങ്ങാലക്കുട കാട്ടൂർ ഇല്ലിക്കാട് കുറ്റിക്കാട്ട് വീട്ടിൽ ജോർജിന്റെ മകൾ എൽസ മരിയ (ഒന്നര വയസ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുബോൾ കുട്ടികൾ ബാത്ത്‌റൂമിൽ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിലാണ് ബക്കറ്റിൽ വീണത്. കുഞ്ഞിനെ കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് വീണു കിടക്കുന്നത് കണ്ടത്. ഉടനെ കാട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ-സിസി. ഒറ്റ പ്രസവത്തിൽ ഉണ്ടായ ഒന്നര വയസ്സുള്ള ആന്റണി, പോൾ എന്നിവർ സഹോദരങ്ങളാണ്. കാട്ടൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.