കണ്ണൂര്‍-പോക്‌സോ കേസില്‍ ശാസ്ത്രീയ പരിശോധനക്കായി കൊണ്ടുവന്ന രേഖകളടങ്ങിയ ബാഗ് കണ്ണൂരില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ മോഷണം പോയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത.
വയനാട് പടിഞ്ഞാറത്തറ സ്‌റ്റേഷനിലെ സി.പി.ഒ മുഹമ്മദ് അജിനാസിനെതിരെയാണ് നടപടിക്ക് സാധ്യത.
രേഖകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍.ആര്‍.നായര്‍ വയനാട് എ.സിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, അന്വേഷണ സംഘം അജിനാസിന്റെയും സ്‌റ്റേഷന്‍ റൈറ്ററുടെയും മൊഴിയെടുത്തു. അജിനാസിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഏറെയുണ്ടെന്നാണ് സൂചന.
വയനാട് പോക്‌സോ കോടതി നിര്‍ദ്ദേശപ്രകാരം ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുള്ള മഹസര്‍ അടങ്ങിയ ബാഗാണ് കണ്ണൂരില്‍ വെച്ച് കഴിഞ്ഞ ദിവസം നഷ്ടമായത്. പടിഞ്ഞാറത്തറ പരിധിയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട രേഖകളടങ്ങിയ ബാഗുമായി കണ്ണൂര്‍ ഫോറന്‍സിക് ലാബിലേക്ക് വന്നതായിരുന്നു ഉദ്യോഗസ്ഥന്‍. കണ്ണൂരില്‍ രാവിലെ ബസിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ നേരെ പോയത് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒരു ആരാധനാലയത്തിലേക്കാണ്. ബാഗ് പുറത്തു വെച്ച ശേഷം പ്രാര്‍ഥിക്കാനായി കയറി. തിരികെ പുറത്തിറങ്ങിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം മനസിലായത്. പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ കുറ്റിക്കാട്ടില്‍ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെങ്കിലും ഇതിലുണ്ടായിരുന്ന രേഖകള്‍ മുഴുവന്‍ നശിപ്പിക്കപ്പെട്ടിരുന്നു.
ബാഗ് നഷ്ടപ്പെട്ടിട്ടും പോലീസ് ഉദ്യോസ്ഥന്‍ തന്റെ സ്‌റ്റേഷനായ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും മോഷണം പോയ പരിധിയില്‍ വരുന്ന കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ അറിയിക്കാത്തതും ദുരൂഹത ഉയര്‍ത്തിയിരുന്നു. മാത്രമല്ല, ഔദ്യോഗികമായി അറിയിക്കാതെ കണ്ണൂരിലെ ചില പോലീസ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയതും ബാഗ് കണ്ടെത്തിയതും. എന്നാല്‍ ഇതിലെ രേഖകള്‍ മുഴുവന്‍ നശിപ്പിച്ച നിലയിലായിരുന്നു. എന്നിട്ടും മോഷണശേഷം ഫൊറന്‍സിക് ലാബില്‍ രേഖകള്‍ എത്തിച്ചിട്ടുണ്ട്. പോലീസു കാരന്‍ ഫൊറന്‍സിക് ലാബില്‍ നല്‍കിയ രേഖയടങ്ങിയ കവര്‍ ഒട്ടിച്ച് സീല്‍ ചെയ്തിരുന്നു.നശിപ്പിച്ച രേഖകള്‍ എങ്ങനെ സുര ക്ഷിതമായി വീണ്ടും നല്‍കാനായെന്ന് പോലീസ് പരിശോധിക്കുന്നുണ്ട് .
ഇത് ശാസ്ത്രീയ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കല്‍പ്പറ്റ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അടുത്ത ദിവസം കണ്ണൂരിലെത്തിയും വിവരങ്ങള്‍ ശേഖരിക്കും. അതിനിടെ, രേഖകള്‍ മോഷണ പോയതുമായി ബന്ധപ്പെട്ട് പോക്‌സോ കേസിലെ പ്രതിക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം.
ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും പുരോഗമിക്കുന്നുണ്ട്. രേഖകള്‍ ഹാജരാക്കാതെ, ഡ്യൂട്ടി സമയത്ത് ആരാധനാലയത്തില്‍ പോയതും, മോഷണവിവരം ബന്ധപ്പെട്ടവരെ അറിയിക്കാത്തതും അടക്കം അന്വേഷിക്കുന്നുണ്ട്.