തിരുവനന്തപുരം - ഗുജറാത്ത് വംശഹത്യയിലെ നരേന്ദ്ര മോദിയുടെ പങ്ക് തെളിച്ചുപറഞ്ഞ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായി സംഘപരിവാറിനെ സുഖിപ്പിച്ച കോൺഗ്രസിന്റെ മുൻ ഡിജിറ്റൽ മീഡിയ തലവനും മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണിക്ക് ഉപദേശവുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എം.പി.
ബി.ബി.സി വിവാദത്തിൽ അനിൽ കെ ആന്റണി സംഘി ലൈനിലേക്ക് പോകരുതായിരുന്നു. വൈകാരികമായി എടുത്ത തീരുമാനം ആണെങ്കിൽ അനിൽ അത് തിരുത്തണം. ബി.ബി.സി കാണിക്കുന്നത് സത്യമാണ്. എ.കെ ആന്റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുത്. അനിൽ ആൻറണി ബി.ജെ.പിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും അനിലിന് അത്തരമൊരു മനസ്സുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന അനിൽ ആന്റണിയുടെ പരാമർശം പാർട്ടിക്കകത്തും പുറത്തും രൂക്ഷ വിമർശം ക്ഷണിച്ചുവരുത്തിരിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിലെ പദവികളെല്ലാം അനിൽ ആന്റണി രാജിവെച്ച് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ബി.ജെ.പിയുടെ നിലപാടുകൾക്കൊപ്പം നിന്ന അനിൽ ആന്റണിയെ പ്രകീർത്തിച്ച് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയതോടെ അനിൽ ആന്റണി സംഘപരിവാർ കൂടാരത്തിലേക്ക് വഴിമാറുമെന്ന അഭ്യൂഹവും പരക്കുകയുണ്ടായി. തുടർന്നാണ് കോൺഗ്രസിനായി ജീവിതം പകുത്തുവെച്ച എ.കെ ആന്റണിയെ പോലെ ഒരാളെ വേദനിപ്പിക്കുന്ന നിലപാടിലേക്ക് മകൻ അനിൽ ആന്റണി പോകരുതെന്നും തെറ്റ് തിരുത്തണമെന്നും കെ മുരളീധരൻ ഓർമിപ്പിച്ചത്.