കാസർകോഡ് - കാസർകോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പബ്ലിക്ക്ദിന ആശംസാ കാർഡിലെ ഹിന്ദുത്വശക്തികളുടെ നേതാവ് വി.ഡി. സവർക്കറുടെ ചിത്രം വിവാദത്തിൽ. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന്റെ ഫേസ് ബുക്ക് പേജിലാണ് ഹിന്ദു മഹാസഭാ നേതാവും ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗൂഢാലോചന കേസിലെ പ്രതിയുമായ വി.ഡി സവർക്കറുടെ ചിത്രം സ്ഥാനംപിടിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിൽ വീരേതിഹാസം പകർന്ന സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പമാണ് സംഘപരിവാർ രാഷ്ട്രീയം തലയിലേറ്റുന്നവരുടെ ഇഷ്ടനേതാവായ വി.ഡി സവർക്കറുടെ ഫോട്ടോയും ചേർത്ത് കോൺഗ്രസ് ഞെട്ടിച്ചത്.
രാജ്യം എക്കാലവും സ്മരിക്കുന്ന ഡോ. ബി.ആർ അംബേദ്ക്കർ, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലക്, ഭഗത് സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കിടയിലാണ് സവർക്കറുടെ ചിത്രവും ചേർത്ത് കാർഡ് കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
പോസ്റ്റ് വൻ വിമർശത്തിന് ഇടയാക്കിയതോടെ റിപ്പബ്ലിക്ദിന ആശംസാ കാർഡ് നേതൃത്വം പിൻവലിക്കുകയായിരുന്നു. പോസ്റ്റർ രൂപകൽപന ചെയ്തിടത്ത് പറ്റിയ അബദ്ധമാണെന്നാണ് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന്റെ വിശദീകരണം.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് അത്താണിയിൽ സ്ഥാപിച്ച ബോർഡിലും സവർക്കറുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു അന്നും സവർക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു. സംഭവത്തിൽ ഐ.എൻ.ടി.യു.സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
രാഷ്ട്രപിതാവ് മഹാത്മജിയുടെ അടക്കം കൊലപാതകത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളെ പോലും തിരിച്ചറിയാനാകാത്തവിധമുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ അപകടകരമായ പോക്കിൽ പാർട്ടിക്കകത്തും പുറത്തും രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്.