Sorry, you need to enable JavaScript to visit this website.

ഫലസ്തീനിലെ ഇസ്രായിൽ നരനായാട്ട്: ശക്തമായ പ്രതിഷേധവുമായി സൗദി 

റിയാദ് - അധിനിവിഷ്ട ഫലസ്തീനിലെ ജെനിൻ നഗരത്തിലും അഭയാർഥി ക്യാമ്പിലും ഇസ്രായിൽ നടത്തിയ നരനായാട്ടിനെ സൗദി വിദേശ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായിൽ സൈന്യം നഗ്നമായി ലംഘിക്കുന്നത് സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നു. ഇസ്രായിൽ അധിനിവേശവും ആക്രമണങ്ങളും അവസാനിപ്പിക്കുകയും ഫലസ്തീനിലെ സാധാരണക്കാർക്ക് സംരക്ഷണം നൽകുകയും ചെയ്യുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണം. ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ഫലസ്തീൻ ഗവൺമെന്റിനെയും ജനതയെയും അനുശോചനം അറിയിക്കുന്നതായും വിദേശ മന്ത്രാലയം പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായിൽ സൈന്യം നടത്തിയ റെയ്ഡിൽ വൃദ്ധ അടക്കം ഒമ്പതു ഫലസ്തീനികൾ കൊല്ലപ്പെടുകയും പതിനാറു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായിൽ കാടത്തത്തെ നിരവധി അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ അപലപിച്ചു. 

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ വ്യാഴാഴ്ച ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ 60 വയസ്സുള്ള സ്ത്രീ ഉൾപ്പെടെ നിരവധി ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ചുരുങ്ങിയത് ഒമ്പത് പേർ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ജെനിൻ അഭയാർഥി ക്യാമ്പിലെ ക്രൂരമായ ഓപ്പറേഷൻ എന്ന് ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ സംഭവത്തെ വിശേഷിപ്പിച്ചു. ജെനിൻ അഭയാർഥി ക്യാമ്പിലേക്ക് ഇരച്ചുകയറിയ സൈനികരുമായി തങ്ങളുടെ പോരാളികൾ യുദ്ധം ചെയ്യുകയാണെന്ന് ഫലസ്തീൻ സായുധ ഗ്രൂപ്പായ ഹമാസും ഇസ്‌ലാമിക് ജിഹാദും പറഞ്ഞു,  മരണസംഖ്യ ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്.
പോരാട്ടത്തിനിടയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യ പ്രവർത്തകർ പാടുപെടുകയാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രി മെയ് അൽകൈല പറഞ്ഞു. ആശുപത്രിയിലെ പീഡിയാട്രിക് വാർഡിന് നേരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചെന്നും ഇത് കുട്ടികളെ ശ്വാസംമുട്ടിക്കാൻ ഇടയാക്കിയെന്നും അവർ ആരോപിച്ചു. സൈന്യം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. മഗ്ദ ഉബൈദ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് ജെനിൻ ആശുപത്രി അധികൃതർ  തിരിച്ചറിഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച സായ്ബ് അസ്‌റിഖി (24) ആണ് മരിച്ചവരിൽ ഒരാളെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 16 പേർക്ക് പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു.
പലസ്തീൻ അതോറിറ്റിയുടെ വക്താവ് നബീൽ അബു റുദീനെ അക്രമത്തെ അപലപിച്ചു, ഇതിനെതിരെ ശബ്ദിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
19 പേരുടെ മരണത്തിനിടയാക്കിയ പലസ്തീൻ ആക്രമണങ്ങളുടെ തുടർച്ചയായി കഴിഞ്ഞ വസന്തകാലത്ത് ഇസ്രായിൽ റെയ്ഡുകൾ ആരംഭിച്ചതിനുശേഷം ഇസ്രായിലികളും ഫലസ്തീനുകളും തമ്മിലുള്ള സംഘർഷം വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷാവസാനത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ 30 പേർ മരിച്ചിരുന്നു.
വ്യാഴാഴ്ചത്തെ അക്രമത്തോടെ ഈ വർഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 25 ആയി. കഴിഞ്ഞ വർഷം 150 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടു, 2004 ന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങൾ 2022 ൽ ആണെന്ന് ഇസ്രായിലി മനുഷ്യാവകാശ ഗ്രൂപ്പായ ബിസെലെം പറയുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും തീവ്രവാദികളാണെന്നാണ് ഇസ്രായിൽ പറയുന്നത്. എന്നാൽ നുഴഞ്ഞുകയറ്റത്തിൽ പ്രതിഷേധിച്ച യുവാക്കളും ഏറ്റുമുട്ടലുകളിൽ ഉൾപ്പെടാത്ത മറ്റുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. തീവ്രവാദ ശൃംഖലകൾ തകർക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനുമാണ് റെയ്ഡുകളുടെ ഉദ്ദേശ്യമെന്ന് ഇസ്രായിൽ പറയുന്നു. 
അതിനിടെ, ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച മേഖല സന്ദർശിക്കും. വെസ്റ്റ്ബാങ്കിലും ഈജിപ്തിലും ഇസ്രായിലിലും എത്തുന്ന അദ്ദേഹം വിവിധ നേതാക്കളുമായി സംസാരിക്കും. ബിൻയാമിൻ നെതന്യാഹു അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ബ്ലിങ്കന് ഇത്. റാമല്ലയിൽ ഫലസ്തീൻ നേതാവ് മഹമൂദ് അബ്ബാസുമായും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തുന്ന സന്ദർശനത്തിനിടെ അദ്ദേഹം ചർച്ച നടത്തും.


നിങ്ങള്‍ക്ക് പറയാനുള്ളത് വാട്‌സ്ആപ്പിലും അയക്കാം


 

Tags

Latest News