ന്യൂദൽഹി- ദേശീയ മാധ്യമങ്ങളെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പത്രങ്ങളുടേയും ചാനലുകളുടേയും മുഖംമൂടി വലിച്ചൂരി ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കോബ്രാ പോസ്റ്റ് സ്റ്റിങ് ഓപറേഷൻ. കോടികൾ വാങ്ങി ഹിന്ദുത്വവാദികൾക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ നിലമൊരുക്കുന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കാൻ തയാറായ മാധ്യമങ്ങളെയാണ് ഓപറേഷൻ 136 എന്നു പേരിട്ടിരിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്തിൽ തുറന്നു കാട്ടുന്നത്.
ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡെ ഗ്രൂപ്പ്, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്, എബിപി ന്യൂസ്, ദൈനിക് ജാഗരൺ, ദിനമലർ, സൺ ഗ്രൂപ്പ്, ഓപൺ മാഗസിൻ, ലോക്മത്, പേടിഎം, സ്റ്റാർ ഇന്ത്യ, ടിവി ഫൈവ്, റെഡിഫ് ഡോട്ട് കോം, സ്‌കൂപ് വൂപ് തുടങ്ങി പ്രമുഖ മാധ്യമസ്ഥാപനങ്ങളാണ് പണം വാങ്ങി വാർത്ത പ്രസിദ്ധീകരിക്കാൻ തയാറാണെന്നറിയിച്ച് ഒളിക്യാമറയിൽ കുടുങ്ങിയത്. ഈ ഓപറേഷനിൽ ഉൾപ്പെട്ട പ്രമുഖ ഹിന്ദി മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കർ ഗ്രൂപ്പ് ടേപ്പ് പുറത്തു വിടുന്നതിനെതിരെ ദൽഹി ഹൈക്കോടതിയെ സമീപിക്കുകയും ടേപ് പുറത്തു വിടരുതെന്ന് കോബ്രാ പോസ്റ്റിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. ഒളിക്യാമറ ദൃശ്യങ്ങൾ കോബ്രാപോസ്്റ്റ് ദൽഹിയിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് പരസ്യപ്പെടുത്താനൊരുങ്ങുന്നതിനിടെയായിരുന്നു ഇത്. കോടതി ഇതു വിലക്കിയതിനെ തുടർന്ന് വീഡിയോയും സംഭാഷങ്ങളും കോബ്രാ പോസ്റ്റ് വെബ്‌സൈറ്റിലും യുട്യൂബിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചു. ദൈനിക് ഭാസ്‌ക്കർ ഉൾപ്പെട്ട വിഡിയോ പുറത്തു വിട്ടിട്ടില്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കോബ്രാ പോസ്റ്റ് അറിയിച്ചു.
വൻ തുക വാങ്ങി ഹിന്ദുത്വ അജണ്ടക്ക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തുക, ഇതിനായി രാഷ്ട്രീയ വാർത്തകൾ പ്രസിദ്ധീകരിക്കുക, പ്രതിപക്ഷ നേതാക്കളെ ഇകഴ്ത്തുക എന്നിവക്ക് ഈ മാധ്യമങ്ങൾ തയാറാണെന്ന് കോബ്രാ പോസ്റ്റ് അന്വേഷണം വെളിപ്പെടുത്തുന്നു. വോട്ടർമാരെ വർഗീയമായി ധ്രുവീകരിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഈ മാധ്യമങ്ങൾ തയാറായി.
പണം നൽകിയാൽ അനുകൂല വാർത്തകൾ പ്രസിദ്ധീകരിക്കാൻ തയാറാണെന്ന് വെളിപ്പെടുത്തുന്ന ടൈംസ് ഗ്രൂപ്പ് മേധാവി വിനീത് ജെയ്‌നും ഒളികാമറയിൽ കുടുങ്ങിയിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ വായനക്കാരുള്ള ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്കു പുറമെ ഗ്രൂപ്പിന്റെ മറ്റു പ്രസിദ്ധീകരണങ്ങളിലും റേഡിയോ ചാനലുകളും പണം നൽകി വാർത്ത പ്രസിദ്ദീകരിക്കാൻ തയാറായിട്ടുണ്ട്.